ഇന്ത്യയ്‌ക്കെതിരെ ചരിത്രം കുറിച്ച് ഐറിഷ് പട; അയ്യര്‍ യുഗം ആരംഭിച്ചത് കരഞ്ഞുകൊണ്ട്!
Cricket
ഇന്ത്യയ്‌ക്കെതിരെ ചരിത്രം കുറിച്ച് ഐറിഷ് പട; അയ്യര്‍ യുഗം ആരംഭിച്ചത് കരഞ്ഞുകൊണ്ട്!
ശ്രീരാഗ് പാറക്കല്‍
Friday, 26th June 2026, 9:54 pm

ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അയര്‍ലാന്‍ഡ്. സ്റ്റോര്‍മോണ്ടില്‍ നടന്ന ടി-20 മത്സരത്തില്‍ 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്.  തോല്‍വിയോടെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ മുന്നേറാനും അയര്‍ലാന്‍ഡിന് സാധിച്ചു.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്.

കിടിലന്‍ വിജയത്തിന് പിന്നാലെ ഒരു ഗംഭീര റെക്കോഡാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് അയര്‍ലാന്‍ഡ് വിജയം സ്വന്തമാക്കിയത്. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ഒരു വിജയം കൈപ്പിടിയിലാക്കാന്‍ ഐറിഷ് പടയ്ക്ക് സാധിച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 250 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.

മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇഷാന്‍ കിഷന്‍ (1), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (3) എന്നിവരെ ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായി.

അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മാത്യൂ ഹൊള്ളാഡ് ആണ്. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്.

മാത്യു ഹംഫ്രെയ്‌സ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ വംശജനായ ജെയ് മോന്ദ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലിയാം മക്കാര്‍ത്തി, ഗാരെത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഹര്‍ഷിത് റാണയാണ് മൂന്ന് വിക്കറ്റാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റും നേടി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ദുബെയാണ് നേടിയത്.

Content Highlight: Ireland Achieve Historical Win Against India In T-20

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ