തൃശ്ശൂര്‍: സ്വതന്ത്ര സിനിമകളുടെ പ്രദര്‍ശന സാധ്യതകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമാന്തര പ്രദര്‍ശനങ്ങള്‍ നടത്തി ജനങ്ങളിലേക്കെത്താനുള്ള “ഇരട്ടജീവിതം” എന്ന സിനിമയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നു. ആദ്യ രണ്ട് പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഗിരിജ തിയറ്ററില്‍ മാര്‍ച്ച് നാലിന് മൂന്നാമത്തെ പ്രദര്‍ശനം ഒരുങ്ങുകയാണ്.
നവാഗതനായ സുരേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ട്രാന്‍സ് ജെന്ററുകളുടെ കഥ പറയുന്ന ചിത്രത്തില്‍ ആത്മജ, ദിവ്യാ ഗോപിനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ആണും പെണ്ണുമായും, ഹിന്ദുവും മുസല്‍മാനുമായും, ധനവാനും ദരിദ്രനുമായും മുറിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ, സമകാലിക സാമൂഹിക രാഷട്രീയ പരിസരത്ത് വച്ച് നോക്കിക്കാണാനുള്ള ശ്രമമാണ് ഇരട്ട ജീവിതം എന്ന സിനിമ.
പല അടരുകളിലായാണ് സിനിമ വികസിക്കുന്നത്. സൈനു എന്ന കഥാപാത്രവും അവളുടെ ഓര്‍മകളിലൂടെ കുട്ടിക്കാലം മുതല്‍ക്കുള്ള ആമിനയുമായുള്ള അവളുടെ ബന്ധത്തെയും, അതിലൂടെ ആമിനയിലുണ്ടായിരുന്ന അദ്രുമാന്‍ എന്ന പുരുഷനെയും കണ്ടെത്തുന്നതാണ് ഒരു ലെയര്‍.
മറ്റൊന്ന്, മത്സ്യത്തൊഴിലാളിയായ മൊയ്തുവിന്റെ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ അദ്രമാന്‍ എന്ന മനുഷ്യന്റെ സാമൂഹിക ജീവിതം, കമ്പോള യുക്തികളില്‍ കുടുങ്ങിക്കിടക്കുന്ന സമകാലിക സമൂഹത്തില്‍ എന്തായിരുന്നു എന്ന വിലയിരുത്തലാണ്.
പുഷ്പ എന്ന തൊഴിലാളി സ്ത്രീയുടെ അനുഭവങ്ങളിലും വീക്ഷണങ്ങളിലും ജീവിക്കുന്ന അദ്രമാനെയാണ് മറ്റൊരു അടരില്‍ കാണാനാവുക.
ഇങ്ങനെ പല അടരുകളില്‍ക്കൂടി അദ്രമാന്‍ എന്ന ട്രാന്‍സ് ജെന്ററിനെ പൊതുബോധം എങ്ങനെ സ്വീകരിക്കുന്നു എന്ന് അടയാളപ്പെടുത്താനാണ് സിനിമ ശ്രമിച്ചിട്ടുള്ളത്. ഇരട്ട ജീവിതം, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ഒപ്പം സഞ്ചരിക്കുകയാണ്.
