ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ‘ഇറാന്‍ ആക്രമിച്ച അയല്‍രാജ്യങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു’, ഇറാന്റെ സ്‌റ്റേറ്റ് ടി.വിയില്‍ പ്രക്ഷേപണം ചെയ്ത പ്രസംഗത്തില്‍ പെസസ്‌കിയാന്‍ പറഞ്ഞു.
അയല്‍രാജ്യങ്ങളില്‍ നിന്നും ഇറാനെ ആക്രമിച്ചിരുന്നില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തുമായിരുന്നില്ലെന്ന് പെസസ്‌കിയാന്‍ അഭിപ്രായപ്പെട്ടു.
അയല്‍രാജ്യങ്ങളില്‍ നിന്നും ആക്രമണമുണ്ടാകില്ലെങ്കില്‍ ഇറാനും അയല്‍രാജ്യങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണങ്ങളുള്‍പ്പടെയുള്ള പ്രത്യാക്രമണങ്ങള്‍ നടത്തില്ലെന്ന് ഇടക്കാല നേതൃത്വ കൗണ്‍സില്‍ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു.
അയല്‍രാജ്യങ്ങളോടുള്ള നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാന്‍ കീഴടങ്ങില്ലെന്നും പെസസ്‌കിയാന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കള്‍ അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം, ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ കീഴടങ്ങാതെ ഒരു കരാറിനും യു.എസ് തയ്യാറല്ലെന്നും ഇറാന്‍ കീഴടങ്ങിയാല്‍ മെച്ചപ്പെട്ട ജീവിതവും സമ്പദ്ഘടനയും യു.എസ് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച യു.എസ്-ഇസ്രായേല്‍ സേന സംയുക്തമായി ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആദ്യദിനത്തില്‍ പെണ്‍കുട്ടികളുടെ എലമെന്ററി സ്‌കൂള്‍ ആക്രമിച്ചതും ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖാംനഇ ഉള്‍പ്പടെയുള്ളവരെ വധിച്ചതും ഇറാന് വലിയ ആഘാതമായിരുന്നു.
പ്രത്യാക്രമണത്തില്‍ ഇറാന്‍ പശ്ചിമേഷ്യയിലെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളിലേക്കും ആക്രമണം നടത്തിയിരുന്നു. യു.എസിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം.
യു.എ.ഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ക്കും റഡാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കും ഇറാന്റെ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
നിലവില്‍ ഇറാന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.എ.ഇയിലെ ദുബായ് വിമാനത്താവളത്തിമന് സമീപമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞാഴ്ചയില്‍ അബുദാബി വിമാനത്താവളത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.
Content Highlight: Iranian Prez Pezeshkian apologizes to neighboring countries