അവതാരക ഹിജാബ് ധരിച്ചില്ല; ഇന്റര്‍വ്യൂ നടത്താതെ ഇറങ്ങിപ്പോയി ഇറാന്‍ പ്രസിഡന്റ്
World News
അവതാരക ഹിജാബ് ധരിച്ചില്ല; ഇന്റര്‍വ്യൂ നടത്താതെ ഇറങ്ങിപ്പോയി ഇറാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 3:28 pm

ന്യൂയോര്‍ക്ക്: അഭിമുഖത്തില്‍ അവതാരക ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമുഖം നടത്താതെ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇറങ്ങിപ്പോയി. യു.എസില്‍ വെച്ചായിരുന്നു സംഭവം. ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു അഭിമുഖം നടത്താന്‍ തീരുമാനിച്ചിരുന്നത്. യു.എസിലെ റെയ്‌സിയുടെ ആദ്യ അഭിമുഖമായിരുന്നു ഇത്.

എന്നാല്‍ അവതാരക ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചാണ് അഭിമുഖം നടക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. യു.എസ് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയായ ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ആയിരുന്നു അഭിമുഖം നടത്താനിരുന്നത്.

അഭിമുഖം നടത്താന്‍ തീരുമാനിച്ചിരുന്ന സമയത്തിന് ഏകദേശം 40 മിനിറ്റോളം വൈകിയാണ് അവതാരക ഹിജാബ് ധരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടതായി വിവരം ലഭിച്ചതെന്നാണ് അമന്‍പൂര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. മുഹറം, സഫര്‍ മാസമായതിനാലാണ് ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു വിശദീകരണമെന്നും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ഞാന്‍ അവരുടെ ആവശ്യത്തെ നിരസിച്ചിരുന്നു. നമ്മള്‍ ന്യൂയോര്‍ക്കിലാണ്. അവിടെ ഹിജാബ് ധരിക്കണമെന്ന് നിയമവുമില്ല അത്തരത്തിലൊരു പാരമ്പര്യവുമില്ല. ഇറാനിന് പുറത്തുവെച്ച് ഇറാനിയന്‍ പ്രസിഡന്റുമാരെ മുമ്പും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പക്ഷേ അവര്‍ ആരും ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,’ അമന്‍പൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയാണ് അഭിമുഖത്തില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള പ്രസിഡന്റിന്റെ നടപടി.

ഹിജാബ് ധരിച്ചില്ലെങ്കില്‍ താന്‍ അഭിമുഖത്തിന് താത്പര്യപ്പെടുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞതായും മാധ്യമപ്രവര്‍ത്തക തന്റെ ട്വിറ്ററില്‍ കുറിച്ചു. ഹിജാബ് ധരിക്കുന്നത് ബഹുമാനം കാണിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞതായും ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

മഹ്സ അമിനി എന്ന 22കാരിയായിരുന്നു സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഹിജാബുമായി ബന്ധപ്പെട്ടായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

സ്ത്രീകളുള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടത്തുന്നത്. ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചുമാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.

പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണെന്നും ലോകത്തിലെ എല്ലാ മുസ്ലിം സ്ത്രീകളും ഇത് പിന്തുടരണമെന്നും ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്നും എഴുത്തുകാരി തസ്ലീമ നസ്രീന്‍ പറഞ്ഞിരുന്നു.

ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയ്‌സ് അല്ലെന്നും ഇറാനിലെ പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും പറഞ്ഞ തസ്ലീമ നസ്റീന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും പ്രശംസിച്ചിരുന്നു.

Content Highlight: Iranian president cancelled interview in US as interviewer refused to wear hijab