ടെഹ്റാന്‍: ഇസ്രഈലിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആഭ്യന്തര സംഘര്‍ഷത്തിനിടെ ഒരു സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന യു.എസ് മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ഇറാന്റെ ഭീഷണി.
‘ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണമുണ്ടായാല്‍ ഇസ്രഈലും അതിന്റെ അധിനിവേശ പ്രദേശങ്ങളും യു.എസ് താവളങ്ങളും കപ്പലുകളുമായിരിക്കും പിന്നീട് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം നിയമാനുസൃതമായ ഒന്നായിരിക്കും,’ ഐ.ആര്‍.ജി.സി മുന്‍ കമാന്‍ഡര്‍ ഖാലിഫാബ് പറഞ്ഞു.
ഇസ്രഈലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ ഗുരുതരമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും പ്രതികരിച്ചു. ഇറാന്‍ ജനത കലാപകാരികളില്‍ നിന്നും തീവ്രവാദികളില്‍ ഇന്നും അകലം പാലിക്കണമെന്നും പെസസ്‌കിയാന്‍ ആവശ്യപ്പെട്ടു.
ഇറാനിലെ ഇടപെടല്‍ സംബന്ധിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
2025 ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് 12 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രഈലുമായുള്ള സംഘര്‍ഷത്തിനിടെയായിരുന്നു യു.എസിന്റെ ഇറാന്‍ ആക്രമണം.
ഇറാനിലെ ആണവ നിലയങ്ങള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇസ്രഈലിന്റെ സൈനിക നീക്കം. 12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഇറാനിലും ഇസ്രഈലിലും കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ 29 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്.
3400ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ തിരിച്ചടിച്ചത്.
ഇതിനിടെയാണ് യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. ജൂണ്‍ 22ന് പുലര്‍ച്ചെ ഇസ്രഈലിനെ പിന്തുണച്ച് ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് യു.എസ് ആക്രമണം നടത്തിയത്.
അതേസമയം ഇറാനില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ മരണം 200 കടന്നതായാണ് വിവരം. നിലവില്‍ ഇറാനിലെ ഇന്റര്‍നെറ്റ് നിയന്ത്രണം 60 മണിക്കൂര്‍ പിന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ മരണം ഉൾപ്പെടെയുള്ള വിവരങ്ങളില്‍ വ്യക്തത നല്‍കുന്നതില്‍ പരിമിതിയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
Content Highlight: Iran warns Israel and US bases of retaliation if attacked during internal conflict