ഇറാൻ സമാധാനം ആഗ്രഹിക്കുന്നു; ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറല്ല: മസൂദ് പെസസ്കിയാൻ
World
ഇറാൻ സമാധാനം ആഗ്രഹിക്കുന്നു; ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറല്ല: മസൂദ് പെസസ്കിയാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2025, 8:22 pm

ടെഹ്‌റാൻ: ഇറാൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ.

രാജ്യത്തിനെതിരെയുള്ള യു.എസ് ഉപരോധങ്ങൾ നീക്കാനാകുമോ എന്ന് ഇറാൻ ചോദിച്ചിരുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പെസസ്കിയാന്റെ പ്രതികരണം.

‘അന്താരാഷ്ട്ര ചർച്ചകൾ നടത്താൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ സ്വയം പ്രതിരോധിക്കാൻ രാജ്യത്തിന് അവകാശമില്ലെന്നും, ആണവായുധങ്ങൾ മിസൈലുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നും, രാജ്യത്തെ ബോംബിട്ട് തകർക്കുമെന്നും പറയുന്നത് അംഗീകരിക്കാൻ കഴിയില്ല,’ പെസസ്കിയാൻ പറഞ്ഞു.

ഈ ലോകത്ത് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ അപമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുള്ളവർ ആഗ്രഹിക്കുന്നതെന്തും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവരെ സേവിക്കുകയും ചെയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി രാജ്യത്തിന്റെ ഒരു പ്രധാന പ്രതിരോധ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രഈലും ഇറാനും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് മുന്നോടിയായി അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ യു.എസ് ഇസ്രഈലി സൈന്യങ്ങൾ ബോംബിട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രഈലിന്റെ നിലനിൽപിന് ഇറാൻ ഒരു ഭീഷണിയായി നിലകൊള്ളുന്നു. എന്നാൽ 2,000 കിലോമീറ്റർ (1,200 മൈൽ) വരെ ദൂരപരിധിയുള്ള തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ അമേരിക്ക, ഇസ്രായേൽ പോലുള്ള ശത്രുക്കൾക്ക് നേരെയുള്ള രാജ്യത്തിൻറെ പ്രതിരോധ ശക്തിയാണെന്നും ഇറാൻ പറഞ്ഞു.

ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ആഴ്ചകളിൽ ആവർത്തിച്ചിരുന്നു. ഇത് ഇറാന് ഇസ്രഈലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിന് കാരണമാകുന്നതാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Iran wants peace; not ready to give up nuclear, missile programs: Masoud Pessakian