ഫലമില്ലാത്ത ഉപരോധങ്ങള്‍ക്കും യുദ്ധത്തിനും പകരം നയതന്ത്രവും ബഹുമാനവും പരീക്ഷിച്ചു നോക്കൂ; യു.എസിനോട് ഇറാന്‍
Iran US Tension
ഫലമില്ലാത്ത ഉപരോധങ്ങള്‍ക്കും യുദ്ധത്തിനും പകരം നയതന്ത്രവും ബഹുമാനവും പരീക്ഷിച്ചു നോക്കൂ; യു.എസിനോട് ഇറാന്‍
അനിത സി
Tuesday, 24th February 2026, 9:44 am

ടെഹ്‌റാന്‍: ഇറാനെതിരെ ഉപയോഗമില്ലാത്ത ഉപരോധങ്ങളും പരാജയപ്പെട്ട യുദ്ധനയവും ഉപേക്ഷിച്ച് നയതന്ത്രത്തോടുള്ള ബഹുമാനം സ്വീകരിക്കണമെന്ന് യു.എസിനോട് ആഹ്വാനം ചെയ്ത് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി. ജനീവയിലെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിടത്തും എത്താത്ത യുദ്ധവും ഉപരോധങ്ങളും ഇറാനെതിരെ പരീക്ഷിച്ചു നോക്കി. ഇനി നയതന്ത്രവും ബഹുമാനവും അനുഭവിച്ചറിയേണ്ട സമയമാണ് ഗരിബാബാദി പറഞ്ഞു.

മറ്റ് രാഷ്ട്രങ്ങളെ ആക്രമിക്കാന്‍ ഇറാന് താത്പര്യമില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരായ ഏതുതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയും ശക്തമായി എതിര്‍ത്ത് മാതൃരാജ്യത്തിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

യുദ്ധത്തിലേര്‍പ്പെടുന്നവരെ മാത്രമല്ല, ആ മേഖലയെ തന്നെ യുദ്ധം ആകെ വിഴുങ്ങിക്കളയുമെന്നും രരിബാബാദി അഭിപ്രായപ്പെട്ടു.

നിലവില്‍ യുദ്ധം ഒഴിവാക്കാനുള്ള ചര്‍ച്ചകളില്‍ യു.എസും ഇറാനും സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും മിഡില്‍ ഈസ്റ്റിലേക്ക് അയച്ച് ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങളിലാണ് യു.എസ്.

ഇറാന്റെ ആണവ സമ്പൂഷ്ടീകരണം, ആണവ കരാര്‍, ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം യുദ്ധ ഭീഷണി മുഴക്കുന്നുണ്ട്. ഇറാന്റെ സമീപത്തെ സമുദ്രങ്ങളിലെല്ലാം സൈനിക വിന്യാസം ശക്തമാക്കി. യു.എസിന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഒരു കരാറില്‍ ഇറാനെത്തിയില്ലെങ്കില്‍ യുദ്ധത്തെ നേരിടേണ്ടി വരുമെന്നാണ് യു.എസിന്റെ ഭീഷണി.

ഒമാന്റെ മധ്യസ്ഥയില്‍ ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചയിലും യു.എസും ഇറാനും ഒരു കരാറിലെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടാം റൗണ്ട് ചര്‍ച്ചയാണ് കാര്യമായ പുരോഗതിയില്ലാതെ പിരിഞ്ഞത്.

എന്നാല്‍ ആണവ കരാറില്‍ വൈകാതെ എത്തുമെന്നും ഒരു പാത തുറന്നുവരുന്നുണ്ടെന്നും ഇറാന്‍ കഴിഞ്ഞാഴ്ചയിലെ ചര്‍ച്ചയ്ക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.

ഇതിനിടെ, ഇറാനെ ആക്രമിച്ചാല്‍ യു.എസ് കനത്ത പ്രത്യാഘാതങ്ങള്‍ ഏറെക്കാലം അനുഭവിക്കേണ്ടി വരുമെന്നും യു.എസ് ആയുധക്ഷാമം നേരിടുണ്ടെന്നും പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. 100 ശതമാനം തെറ്റായ റിപ്പോര്‍ട്ടെന്നാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള ട്രംപിന്റെ പ്രതികരണം.

Content Highlight: Iran tells US to try diplomacy and respect instead of ineffective sanctions and war

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.