ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയെ വധിക്കുമെന്ന ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റ ഭീഷണിക്കെതിരെ യു.എന്നില്‍ ഇറാന്‍ പ്രതിഷേധമറിയിച്ചു. ഇസ്രഈലിന്റെ ഭരണകൂട തീവ്രവാദ നയത്തിന്റെ ഭാഗമാണ് കാറ്റ്‌സിന്റെ ഭീഷണിയെന്നും ഇറാന്‍ അഭിപ്രായപ്പെട്ടു. മൊജ്തബ ഖാംനഇയെ ‘മരണത്തിനായി മാര്‍ക്ക് ചെയ്തിരിക്കുന്നു’ എന്നായിരുന്നു ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണി.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും രക്ഷാ സമിതിക്കും പൊതുസഭയ്ക്കും യു.എന്നിലെ ഇറാന്‍ നയതന്ത്ര പ്രതിനിധി ആമിര്‍ സഈദ് ഇരാവാനി അയച്ച കത്തിലാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണിക്കെതിരെ പ്രതിഷേധമറിയിച്ചത്. ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വധം അടക്കം ഇസ്രഈലിന്റെ ഭരണകൂട ഭീകരവാദ നയത്തിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നു.
യു.എന്‍ രക്ഷാ സമിതിയുടെ നിലപാട് ഇസ്രഈലിനെ സഹായിക്കുന്നുവെന്നും കത്തില്‍ ആരോപിക്കന്നു. ഇസ്രഈല്‍ നയം ആഗോള തലത്തില്‍ ഭീഷണിയാണ്. യു.എസും ഇസ്രഈലിന്റെ ഭരണകൂട ഭീകരതാ നയത്തില്‍ പങ്കാളികളാവുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇറാന്റെ നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇസ്രഈല്‍ മനപ്പൂര്‍വം നടപ്പാക്കുന്ന ഭരണകൂട ഭീകരവാദത്തിന്റെ വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണ് ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണി,’ എന്ന് സഈദ് ഇരാവാനി അയച്ച കത്തില്‍ പറയുന്നു.
‘ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ വധവും ഇതിന്റെ ഭാഗമായിരുന്നു. മറ്റ് ഉന്നത രാഷ്ട്രീയ, സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചും ഇസ്രഈല്‍ വധശ്രമങ്ങള്‍ നടത്തിയിരുന്നു. ഇവ യു.എസിന്റെ പിന്തുണയോടെയോ പങ്കാളിത്തത്തോടെയോ അവരുമായുള്ള ഏകോപനത്തോടെയോ ആയിരുന്നു നടത്തിയത്,’ എന്നും കത്തില്‍ പറയുന്നു.
‘ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഇറാനെതിരായ ആക്രമണോത്സുകവും നിയമവിരുദ്ധവുമായ നടപടികളുടെ ഭാഗമാണിത്,’ എന്നും കത്തില്‍ പറയുന്നു.
ഇസ്രഈലിനെ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന സമീപനം യു.എന്‍ രക്ഷാ സമിതിയില്‍ നിന്ന് ഉണ്ടായതായും ഈദ് ഇരാവാനി ആരോപിച്ചു. ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ പ്രകാരമുള്ള ചുമതലകള്‍ രക്ഷാ സമിതി പാലിക്കാത്തത് ഇസ്രഈലിന്റെ കുറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം കൂടുതല്‍ വഷളാവാന്‍ കാരണമായിയെന്ന് കത്തില്‍ പറയുന്നു.
ഇസ്രഈലിന്റെ കുറ്റങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്തത് അവരുടെ ഭരണകൂട ഭീകരവാദത്തെ കൂടുതലായി സാധാരണവത്കരിക്കാനും കാരണമാവുന്നു. ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണി ഉയര്‍ത്തുകയാണെന്നും ആമിര്‍ പറഞ്ഞു. ശത്രുതാപരമായ ഏത് നടപടിക്കെതിരെയും ഇറാന്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ കാറ്റ്‌സിന്റെ ഭീഷണിക്കെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്രഈലിന്റെ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇറാന്‍ അവരെ പാഠം പഠിപ്പിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.
ഇസ്രഈലിനെ നിയന്ത്രിക്കാമെന്ന് ധാരണാ പത്രത്തില്‍ യു.എസ് വാക്ക് നല്‍കിയിട്ടുണ്ട്. ആ വ്യവസ്ഥകള്‍ വ്യക്തമാണ്. യു.എസിനെ ഇസ്രഈല്‍ അനുസരിക്കാതിരുന്നാല്‍ ഇറാന്‍ അവരെ പാഠം പഠിപ്പിക്കുമൊന്നാണ് അരാഗ്ചി പറഞ്ഞത്.
‘യു.എസും ഇറാനുമായുള്ള ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ വളരെ വ്യക്തമാണ്. അത് പൊതുജനത്തിന് കാണാന്‍ പറ്റും. ടെല്‍ അവീവിലുള്ള അവരുടെ വളര്‍ത്തു മൃഗങ്ങളെ യു.എസ് കൈകാര്യം ചെയ്യാമെന്ന് യു.എസ് പ്രസിഡന്റ് വാക്ക് തന്നിരുന്നു. അവര്‍ അവരുടെ യജമാനനെ അവഗണിച്ചാല്‍ ഇറാന്‍ അവരെ പാഠം പഠിപ്പിക്കും,’ അരാഗ്ച്ചിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
Content Highlight: Iran tells UN Israel is normalizing ‘state terrorism’