അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; യു.എസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
World
അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; യു.എസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2026, 10:53 am

ടെഹ്റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചടി നല്‍കി ഇറാന്‍ സൈന്യം.

ഇറാന്‍ പതാകയുള്ള ‘ടൗസ്‌ക’ എന്ന കപ്പല്‍ യു.എസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തതിന് പ്രതികാരമായി, മേഖലയിലുള്ള നിരവധി അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ചാവേര്‍ ഡ്രോണുകള്‍ വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഒമാന്‍ ഉള്‍ക്കടലിലുള്ള അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാന്‍ സൈന്യം ഡ്രോണുകള്‍ വിക്ഷേപിച്ചത്.

ലക്ഷ്യസ്ഥാനങ്ങള്‍ സൈനിക കപ്പലുകളാണോ അതോ വാണിജ്യ കപ്പലുകളാണോ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അമേരിക്കയുടെ സായുധ നടപടിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് ഇറാന്‍ സൈന്യത്തിന്റെ തീരുമാനമെന്ന് തസ്‌നീം റിപ്പോര്‍ട്ട്് ചെയ്യുന്നു.

തങ്ങളുടെ കപ്പലായ ടൗസ്‌കയ്ക്ക് നേരെ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് സ്പ്രൂന്‍സ് വെടിയുതിര്‍ക്കുകയും കപ്പല്‍ കൈക്കലാക്കുകയും ചെയ്തതിന് പിന്നാലെ ‘ഉടന്‍ തിരിച്ചടി നല്‍കുമെന്ന്’ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ 7 മുതല്‍ നിലനിന്നിരുന്ന രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിച്ചിരുന്നു.

മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട ടൗസ്‌ക എന്ന കപ്പലിനെ വെടിവെച്ച് വീഴ്ത്തുകയും അതിന്റെ നാവിഗേഷന്‍ സംവിധാനങ്ങള്‍ തകര്‍ക്കുകയും ചെയ്തതിനെ ‘സായുധ കടല്‍ക്കൊള്ള’ എന്നാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി വിശേഷിപ്പിച്ചത്.

‘അക്രമകാരിയായ അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളും വെടിനിര്‍ത്തല്‍ കരാറും ലംഘിച്ച് ഇറാന്റെ കപ്പലിനെ ആക്രമിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ ഈ കടല്‍ക്കൊള്ളയ്ക്കെതിരെ ഇറാന്‍ സൈനിക സേന ഉചിതമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്,’ – ഇബ്രാഹിം സോള്‍ഫാഗാരി പറഞ്ഞു.

യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാനെതിരെ തങ്ങളുടെ നടപടി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, യു.എസ് കപ്പലുകള്‍ക്കെതിരായ ഇറാന്‍ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇറാന്റെ ഡ്രോണ്‍ ആക്രമണം മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിനെ തടഞ്ഞ അമേരിക്കയ്ക്ക്, ഇറാന്റെ സൈനിക കരുത്ത് നേരിടേണ്ടി വരുമെന്ന സൂചനയാണ് പുതിയ ഡ്രോണ്‍ ആക്രമണം നല്‍കുന്നത്.

ഇറാന്റെ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ യു.എസ് പ്രതിരോധ കേന്ദ്രങ്ങള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ സാഹചര്യം ഏത് നിമിഷവും വീണ്ടും ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Content Highlight: Iran strikes US vessels in retaliation for cargo ship’s seizure: Report