ടെഹ്റാന്‍: അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നത് തുടരുന്നിടത്തോളം കാലം, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ കരാറുകള്‍ തങ്ങള്‍ക്കും ബാധകമായിരിക്കില്ലെന്ന് ഇറാന്‍.
തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഖേയിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്ക ഇതിനകം തന്നെ കരാര്‍ഡ ലംഘനം നടത്തിയെന്ന് ഇറാന്‍ പറഞ്ഞു.
‘ഞങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കും അതുണ്ടാകൂ’ (commitment in exchange for commitment) എന്ന പരസ്പര പൂരകമായ തത്വത്തിലാണ് ടെഹ്റാന്റെ നിലപാടെന്ന് ബാഖേയി വ്യക്തമാക്കി. അമേരിക്ക തങ്ങളുടെ കരാറുകള്‍ പാലിച്ചാല്‍ മാത്രമേ സഹകരണം പുനരാരംഭിക്കൂ എന്ന നിലപാടിലാണ് ഇറാന്‍.
‘ഞങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കും അതുണ്ടാകൂ എന്ന് തുടക്കം മുതല്‍ പറഞ്ഞിട്ടുള്ളതാണ്. മറുവിഭാഗം (അമേരിക്ക) അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍, ഞങ്ങള്‍ ഞങ്ങളുടെ ബാധ്യതകള്‍ നിറവേറ്റും.
കരാര്‍ ലംഘിച്ചുവെന്ന് പറഞ്ഞ് ഇറാന്റെ മേല്‍ ആര്‍ക്കും കുറ്റം ചുമത്താനാകില്ല. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെയും അവരുടെയും (അമേരിക്കയുടെയും) ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് രേഖകളില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയതാണ്,’ അദ്ദേഹം പറഞ്ഞു.
അമേരിക്ക വിവിധ കാരണങ്ങള്‍ നിരത്തി മെമ്മോറാണ്ടത്തിലെ പല ഭാഗങ്ങളും ലംഘിക്കുകയാണെന്ന് ബാഗേയി കുറ്റപ്പെടുത്തി.
‘മറുവിഭാഗം ലംഘനം തുടരുന്നിടത്തോളം കാലം, ഇറാന്‍ ഏറ്റെടുത്തിട്ടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ ധാരണാപത്രം ഒരു ‘പ്രതിസന്ധി ഘട്ടത്തിലേക്ക്’ പ്രവേശിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനിലെ സൈനിക, കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് മേഖലയില്‍ സൈനിക അസ്ഥിരതയും സംഘര്‍ഷവും രൂക്ഷമാണ്.
ഇതിന് തിരിച്ചടിയായി മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മെമ്മോറാണ്ടം ‘അവസാനിച്ചു’ എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി.
സൈനിക സംഘര്‍ഷങ്ങളും പ്രത്യാക്രമണങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും നയതന്ത്രം ഒരു പ്രധാന മാര്‍ഗമായി തന്നെയാണ് ഇറാന്‍ കാണുന്നതെന്ന് ബാഖേയി പറഞ്ഞു. മേഖലയിലെ മധ്യസ്ഥരായ പാകിസ്ഥാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള നയതന്ത്ര ചാനലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് ഇറാന്‍ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
‘നയതന്ത്രം ഒരിക്കലും നിലയ്ക്കാത്ത ഒരു ഉപകരണമാണ്. ഞങ്ങളുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും,’ ബാഖേയി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍, ഒമാന്‍ ഉദ്യോഗസ്ഥരുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാനുമായി സമ്പര്‍ക്കം തുടരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
തങ്ങള്‍ അയല്‍രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും, ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക ഉപയോഗിക്കുന്ന താവളങ്ങളെയും പശ്ചാത്തല സൗകര്യങ്ങളെയും മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇറാന്‍ വ്യക്തമാക്കി.
എങ്കിലും, ഇറാനെതിരെ ശത്രുതാപരമായ നീക്കങ്ങള്‍ നടത്താന്‍ അമേരിക്ക ഉപയോഗിക്കുന്ന ഏത് പ്രദേശവും ഇറാന്റെ പ്രതിരോധ നടപടികള്‍ക്ക് വിധേയമാകുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Iran states that it will not adhere to the memorandum obligations as long as the US violates its commitments.