World
ടെഹ്‌റാനിൽ 'സെന്റ് മേരി' എന്ന പേരിൽ സബ്‌വേ സ്റ്റേഷൻ തുറന്ന് ഇറാൻ
ടെഹ്‌റാൻ:രാജ്യത്തെ തലസ്ഥാനമായ ടെഹ്റാനിൽ ‘സെന്റ് മേരി’ എന്ന പേരിൽ സബ്‌വേ സ്റ്റേഷൻ തുറന്ന് ഇറാൻ. ഇറാനിൽ അർമേനിയൻ ക്രിസ്ത്യൻ ജനങ്ങളുടെ സേവനത്തിനായാണ് സെന്റ് മേരി മെട്രോ സ്റ്റേഷൻ തുറന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസമായിരുന്നു മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്.
ഇറാനിൽ സബ്‌വേ സ്റ്റേഷൻ തുറന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അർമേനിയക്കാരോടും മറ്റ് മതങ്ങളുടെ അനുയായികളോടും ഇറാനിനുള്ള ബഹുമാനമാണിതെന്ന് വിദേശ ആക്ടിവിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടി.
‘സെന്റ് സാർക്കിസ് അർമേനിയൻ കത്തീഡ്രലിനടുത്തുള്ള ക്രിസ്ത്യൻ ചുവർചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഹോളി വിർജിൻ മേരി മെട്രോ സ്റ്റേഷൻ ടെഹ്‌റാനിൽ തുറന്നത് ഇറാനിലെ ഒരു ലക്ഷം വരുന്ന അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന് ആശ്വാസമാണ്,’ പത്രപ്രവർത്തക ഹാല ജാബർ തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
സഹവർത്തിത്വത്തിന്റെ പ്രതീകാത്മക പ്രഖ്യാപനമാണിതെന്നും ഇറാനിലെ ക്രിസ്ത്യാനികൾ, ജൂതന്മാർ, രാഷ്ട്രീയക്കാർ എന്നിവരുടെ ഭരണഘടനാപരമായ പ്രാതിനിധ്യമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾക്ക് അർമേനിയയിലേക്കുള്ള പ്രവേശനം മെട്രോ സ്റ്റേഷൻ വന്നതോടെ എളുപ്പമാകുമെന്നും ഇറാനെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ന്യൂനപക്ഷ ജീവിതത്തിൽ നിന്നും വ്യത്യസ്തമായാണ് മെട്രോ സ്റ്റേഷന്റെ വരവെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
അതേസമയം ഇസ്രഈലും ഇറാനും ക്രിസ്ത്യാനികളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ താരതമ്യപ്പെടുത്തിയും സോഷ്യൽ മീഡിയകളിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.
ഇസ്രഈലിനെക്കാൾ ഇറാനിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നും പാശ്ചാത്യ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതുപോലെ ഇറാൻ അത്ര തീവ്രമല്ലെന്നും ആളുകൾ എക്‌സിൽ അഭിപ്രായപ്പെട്ടു.
രാജ്യത്ത് മതസൗഹാർദവും ക്രിസ്തുമതത്തോടുള്ള ആദരവും പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല പ്രവൃത്തിയാണിതെന്നും എണ്ണയ്ക്കും വാതകത്തിനും വേണ്ടി ഇറാനെ മോശമായി ചിത്രീകരിക്കുന്നത് ഇസ്രഈലടക്കമുള്ള വിദേശ രാജ്യങ്ങളാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
Content Highlight: A clear picture of religious harmony in Iran; St. Mary subway station opens in Tehran