ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് വിദേശ വാണിജ്യ കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്‍. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ആണ് കപ്പലുകള്‍ പിടിച്ചെടുത്ത് തങ്ങളുടെ തീരത്തേക്ക് മാറ്റിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി നീട്ടുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
സമുദ്ര നിയമങ്ങള്‍ ലംഘിച്ചുവെന്നും കൃത്യമായ ഏകോപനമില്ലാതെ ജലപാതയിലേക്ക് പ്രവേശിച്ചുവെന്നും ആരോപിച്ചാണ് ഇറാന്‍ കപ്പലുകള്‍ പിടിച്ചെടുത്തത്.
ലൈബീരിയന്‍ പതാകയ്ക്ക് കീഴിലാണ് ഈ കപ്പല്‍ സഞ്ചരിച്ചിരുന്നതെന്നും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതിയുണ്ടെന്ന് അറിയിച്ചിരുന്നതായും ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ വാന്‍ഗാര്‍ഡ് ടെക് പറഞ്ഞു.
ഐ.ആര്‍.ജി.സിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്ത് നിന്നുള്ള മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമാന്‍ കടലില്‍ വെച്ച് ഇറാനിയന്‍ വാണിജ്യ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിനെത്തുടര്‍ന്നുള്ള പ്രതികരണമാണിതെന്ന് ഐ.ആര്‍.ജി.സി വ്യക്തമാക്കി. അമേരിക്കയുടേത് ‘സായുധ കടല്‍ക്കൊള്ള’ ആണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ അധിപത്യം ഉറപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ഇറാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകളോ എണ്ണ ടാങ്കറുകളോ കടന്നുപോകുന്നത് ഐ.ആര്‍.ജി.സിയുടെ അനുമതിയോടെയും ഏകോപനത്തോടെയും ആയിരിക്കണമെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നതാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ ഭരണകൂടം നിലവില്‍ ശിഥിലമായ അവസ്ഥയിലാണെന്നും അവര്‍ക്ക് ഏകീകൃതമായ ഒരു നര്‍ദേശം മുന്നോട്ടുവെക്കാന്‍ സമയം നല്‍കണമെന്നും ട്രംപ് വ്യക്തമാക്കി. എങ്കിലും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും സൈന്യം സജ്ജമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങളും സൈനിക നീക്കങ്ങളും മേഖലയില്‍ വീണ്ടും ഒരു യുദ്ധസാധ്യത നിലനിര്‍ത്തുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Content Highlight: Iran seizes two foreign merchant ships in Strait of Hormuz