ടെഹ്റാന്‍: ഇന്ധനം കടത്തിയെന്ന് ആരോപിച്ച് ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍. ടാങ്കറിലുണ്ടായിരുന്ന 18 ജീവനക്കാര്‍ ഇറാന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.
ആറ് ദശലക്ഷം ലിറ്റര്‍ ഇന്ധനം നിയമവിരുദ്ധമായി കടത്തിയെന്നാണ് ആരോപണം. നിലവില്‍ ടാങ്കറിന്റെ ക്യാപ്റ്റന്‍ അടക്കമുള്ളവരാണ് ഇറാന്റെ കസ്റ്റഡിയില്‍ ഉള്ളത്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ടാങ്കറിലെ ജീവനക്കാരെന്നും വിവരമുണ്ട്. എന്നാല്‍ പിടിച്ചെടുത്ത ടാങ്കറിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ഇറാന്റെ കസ്റ്റഡിയിലുള്ള ടാങ്കര്‍ സ്റ്റോപ്പ് ഓര്‍ഡറുകള്‍ അവഗണിക്കുക, രക്ഷപെടാന്‍ ശ്രമം നടത്തുക, നാവിഗേഷന്‍-കാര്‍ഗോ രേഖകള്‍ കൈവശം വെക്കാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഫാന്‍സിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യന്നത്.
അതേസമയം ഇറാനിലെ ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ വിദേശ ടാങ്കര്‍ കസ്റ്റഡിയിലെടുത്തത്.
മാത്രമല്ല രൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇറാന്റെ നടപടി. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ എണ്ണ വില്‍ക്കുന്നത് ഇറാനിലാണ്. ഇതിനെ മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കൊണ്ടുപോകുന്ന ഇന്ധന ടാങ്കറുകള്‍ പിടിച്ചെടുക്കുന്ന നടപടിയാണ് ഇറാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.
അടുത്തിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നില്ലെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇറാനുമേല്‍ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പത്ത് വര്‍ഷത്തിനിപ്പുറമാണ് ഇറാനെതിരെ യു.എന്‍ നടപടിയെടുത്തത്. സാമ്പത്തിക-സൈനിക ഉപരോധം പുനസ്ഥാപിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റേതായിരുന്നു നടപടി.
ഉപരോധത്തിന് പിന്നാലെ ഇറാന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 2015ലെ ആണവ ബോംബ് വികസിപ്പിക്കുന്നത് തടയുന്ന കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഇറാനെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് യു.എന്നിനെ സമീപിച്ചത്.
Content Highlight: Iran seizes fuel tanker for smuggling, 18 crew members detained