യു.എസിന്റെ 'അനാവശ്യമായ നിബന്ധനകള്‍' പാലിച്ചുകൊണ്ട് ചര്‍ച്ചയ്ക്കില്ല: ഇറാന്‍
World
യു.എസിന്റെ 'അനാവശ്യമായ നിബന്ധനകള്‍' പാലിച്ചുകൊണ്ട് ചര്‍ച്ചയ്ക്കില്ല: ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 3:03 pm

ദുബായ്: ആവശ്യമില്ലാത്ത നിബന്ധനകള്‍ ഉപേക്ഷിക്കുന്നതുവരെ യു.എസുമായുള്ള എല്ലാ ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി.

യു.എസ് മുന്നോട്ട് വെയ്ക്കുന്നത് യുക്തിരഹിതമായ നിബന്ധനകളാണെന്നും അവയില്‍ നിന്നും പിന്മാറാതെ ചര്‍ച്ചയ്ക്കില്ലെന്നും ഇറാനിയന്‍ മന്ത്രി പ്രതികരിച്ചു.

നിലവില്‍ യു.എസുമായി നടക്കുന്ന എല്ലാ ചര്‍ച്ചകളും താത്കാലികമായി നിര്‍ത്തിവെച്ചു. യു.എസിന്റെ അമിതമായ നിബന്ധനകള്‍ കാരണം ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ലെന്നും അബ്ബാസ് അരാഖ്ചി പറഞ്ഞു.

എന്നാല്‍, മധ്യസ്ഥര്‍ വഴി മിഡില്‍ ഈസ്റ്റിലെ യു.എസ് വക്താവ് സ്റ്റീവ് വിറ്റ്‌കോഫുമായി ഇറാന്‍ സംസാരിക്കുന്നുണ്ടെന്നും അരഖ്ചി പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ഇറാനും യു.എസും തമ്മില്‍ അഞ്ച് വട്ടം പരോക്ഷമായ ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതവസാനിച്ചത് ജൂണില്‍ നടന്ന 12 ദിവസം നീണ്ട വ്യോമയുദ്ധത്തോടെയാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ച് ഇസ്രഈലും യു.എസും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.

യു.എസുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനായി കഴിഞ്ഞമാസം മധ്യസ്ഥര്‍ വഴി ഇറാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ യു.എസ് ഇതിനോട് പ്രതികരിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു.എന്‍ പൊതുസഭയ്ക്കിടെ ഇറാന്‍ നിര്‍ദേശിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇറാനിയന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെ മൊഹജെറാനി പറഞ്ഞു.

ഇറാന്‍ ആണവായുദ്ധങ്ങള്‍ വികസിപ്പിക്കുകയാണെന്ന് അമേരിക്കയും ഇസ്രഈലും യൂറോപ്യന്‍ സഖ്യകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കും ഊര്‍ജത്തിനും വേണ്ടിയാണ് ആണവപദ്ധതികളെന്നാണ് ഇറാന്റെ വിശദീകരണം.

Content Highlight: Iran says no to talks under US ‘unnecessary conditions’