കരാറില്ല ട്രംപിന്റെ വാദം തെറ്റ്, പക്ഷേ ഇസ്രഈൽ 'നിയമവിരുദ്ധ ആക്രമണം' നിർത്തിയാൽ ഞങ്ങളും ആക്രമണങ്ങൾ നിർത്തും: ഇറാൻ
World News
കരാറില്ല ട്രംപിന്റെ വാദം തെറ്റ്, പക്ഷേ ഇസ്രഈൽ 'നിയമവിരുദ്ധ ആക്രമണം' നിർത്തിയാൽ ഞങ്ങളും ആക്രമണങ്ങൾ നിർത്തും: ഇറാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 8:32 am

ടെഹ്‌റാൻ: ഇറാനും ഇസ്രഈലും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇസ്രഈലും ഇറാനും തമ്മിൽ ഒരു കരാറും നിലവിലില്ലെന്ന് അരാഗ്ചി വ്യക്തമാക്കി.

എന്നാൽ ഇറാന്റെ പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെ ഇസ്രഈൽ തങ്ങളുടെ നിയമവിരുദ്ധ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണങ്ങൾ നിർത്തുമെന്ന് അബ്ബാസ് അരാഗ്ചി കൂട്ടിച്ചേർത്തു.

‘ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രഈൽ ഇറാനെതിരെ യുദ്ധം ആരംഭിക്കുകയാണ് ചെയ്തത്. നിലവിൽ, ഏതെങ്കിലും തരത്തിലുള്ള വെടിനിർത്തൽ അല്ലെങ്കിൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഒരു കരാറും ഇല്ല. എന്നിരുന്നാലും, ഇസ്രഈൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധ ആക്രമണം, ടെഹ്‌റാൻ സമയം പുലർച്ചെ നാല് മണിക്ക് മുമ്പ് അവസാനിപ്പിച്ചാൽ, ഞങ്ങളും ആക്രമണം തുടരാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുന്നതായിരിക്കും,’ അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചിരുന്നു. പിന്നാലെ, കഴിഞ്ഞ ദിവസം ഇറാനിയൻ സായുധ സേന അമേരിക്കയുടെ ഖത്തറിലെ അൽ ഉദൈദ് വ്യോമ താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. യു.എസ് വ്യോമസേന കമാൻഡിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഉദൈദ് താവളമാണ് പശ്ചിമേഷ്യ മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളം.

ഖത്തറിലെ യു.എസ് സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

‘എല്ലാവർക്കും അഭിനന്ദനങ്ങൾ! ഇസ്രഈലും ഇറാനും തമ്മിൽ സമ്പൂർണമായ ഒരു വെടിനിർത്തൽ ഉണ്ടാകുമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇസ്രഈലും ഇറാനും അവരുടെ അവസാന ദൗത്യങ്ങൾ പൂർത്തിയാക്കി ഏകദേശം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ഉണ്ടാകും. ആ ഘട്ടത്തിൽ യുദ്ധം അവസാനിച്ചു എന്ന് കണക്കാക്കും. ഔദ്യോഗികമായി ഇറാൻ ആദ്യം വെടിനിർത്തൽ അംഗീകരിക്കും. 12-ാം മണിക്കൂറിൽ ഇസ്രഈലും വെടിനിർത്തൽ അംഗീകരിക്കും. 24-ാം മണിക്കൂറിൽ, 12 ദിവസത്തെ യുദ്ധം ഔദ്യോഗികമായി അവസാനിക്കും,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

അബ്ബാസ് അരാഗ്ചി

അതേസമയം രാജ്യത്തിനെതിരായ അമേരിക്കൻ ആക്രമണത്തെ അപലപിക്കുമ്പോൾ തന്നെ, ആക്രമണകാരികളുമായി നിർബന്ധിത അനുരഞ്ജനത്തിന് രാജ്യം ഒരിക്കലും വഴങ്ങില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദെ പറഞ്ഞാതായി പ്രസ്സ് ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതിന് ഒരു ദിവസത്തിന് ശേഷം, റഷ്യൻ വിദേശകാര്യ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദെ ഇക്കാര്യം പറഞ്ഞത്.

മേഖലയിലുടനീളമുള്ള അസ്ഥിരതയുടെ മൂലകാരണം അമേരിക്കയാണെന്ന് നസീർസാദെ വിമർശിച്ചു. ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി ഒരു സമതുലിതാവസ്ഥ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘നമ്മൾ സയണിസ്റ്റ് ഭരണകൂടത്തിനെതിരെ മാത്രമല്ല പോരാടുന്നത് എന്നത് വ്യക്തമാണ്. അമേരിക്കയും മറ്റ് ചില രാജ്യങ്ങളും ഈ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു,’ ഇറാൻ പ്രതിരോധ മന്ത്രി റഷ്യൻ പ്രതിരോധ മന്ത്രിയോട് പറഞ്ഞു. ഈ സംഭാഷണത്തിന് പിന്നാലെയാണ് ഇറാൻ ഖത്തറിലെ അമേരിക്കയുടെ വ്യോമതാവളം ആക്രമിച്ചത്.

 

Content Highlight: Iran says it will halt attacks if Israel stops ‘illegal aggression’