പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി; മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന് ഇറാന്‍
World News
പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി; മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th June 2025, 9:34 pm

ടെഹ്റാന്‍: ഇസ്രഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ അഞ്ച് ഏജന്റുമാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്‍. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ വരുത്തിയെന്ന് ആരോപിച്ചാണ് മൊസാദ് ചാരന്മാരെ ഇറാന്‍ കസ്റ്റഡിയിലെടുത്തത്.

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലൂടെ ഇസ്രഈലിന്റെ കൂലിപ്പടയാളികള്‍ ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചതായി ഇറാന്‍ സൈനികരെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനില്‍ നിന്നാണ് മൊസാദ് ചാരന്മാരെ കസ്റ്റഡിയിലെടുത്തത്തെന്നാണ് ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് തടവിലാക്കപ്പെട്ട വ്യക്തിയെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു. ഇസ്മായില്‍ ഫെക്രി എന്ന വ്യക്തിയെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. ചാരപ്രവൃത്തി നടത്തിയതിന് 2024 ഡിസംബറിലാണ് ഇയാള്‍ കസ്റ്റഡിയിലായത്.

ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് മൊസാദില്‍ നിന്ന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫെക്രിയുടെ ഇടപാടുകള്‍ ഇറാനിലെ സൗകാര്യ ഏജന്‍സികള്‍ നിരന്തരമായി നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ കണ്ടെത്തിയ ശേഷം ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ വിചാരണ കോടതിയുടെ വിധി ശരിവെച്ച് മൊസാദ് ചാരനെ തൂക്കിലേറ്റാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

ഫെക്രിയെ തൂക്കിലേറ്റിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അഞ്ച് മൊസാദ് ഏജന്റുമാരെ കൂടി ഇറാന്‍ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നിലവില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യെമനിലെ ഹൂത്തി വിമതസംഘം രംഗത്തെത്തിയിട്ടുണ്ട്. ഇസ്രഈല്‍ ആക്രമണത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇറാന് അവകാശമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രതികരിച്ചു.

ഇതിനിടെ ഇറാന്‍ തിരിച്ചടിച്ചതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ഇസ്രഈല്‍ ഇറാനെ ആക്രമിച്ചതായി യു.എസ് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഏറ്റവും മോശമായ സഖ്യകക്ഷിയാണ് ഇസ്രഈലെന്നും യു.എസ് വിശകലന വിദഗ്ധര്‍ പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരിക്കെയാണ് അമേരിക്കന്‍ വിദഗ്ധരുടെ അഭിപ്രായ പ്രകടനം.

എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇറാന്‍ കീഴടങ്ങില്ലെന്നും ഇറാനിലെ ജനങ്ങള്‍ അങ്ങനെയൊന്നും കീഴടങ്ങുന്നവരല്ലെന്നും രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

Content Highlight: Iran says it has detained five Mossad agents