ജനകീയ പ്രക്ഷോഭത്തിനിടെ അടച്ചിട്ട ഇറാനിലെ സര്‍വകലാശാലകള്‍ തുറന്നു; വീണ്ടും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
Iran
ജനകീയ പ്രക്ഷോഭത്തിനിടെ അടച്ചിട്ട ഇറാനിലെ സര്‍വകലാശാലകള്‍ തുറന്നു; വീണ്ടും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
അനിത സി
Monday, 23rd February 2026, 11:52 am

ടെഹ്‌റാന്‍: രാജ്യവ്യാപകമായ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ അടച്ചിട്ട ഇറാനിലെ സര്‍വകലാശാലകള്‍ തുറന്നതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ജനുവരിയില്‍ അടച്ചിട്ട സര്‍വകലാശാലകള്‍ ഒരു മാസത്തിനിപ്പുറമാണ് തുറന്നിരിക്കുന്നത്.

ക്ലാസുകള്‍ ആരംഭിച്ചതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യവ്യാപകമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലി സംഘടിപ്പിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്‌റാന്‍ സര്‍വകലാശാല, ഷെരീഫ് യൂണിവേഴ്‌സിറ്റ് ഓഫ് ടെക്‌നോളജി, അമീര്‍ കബീര്‍ സര്‍വകലാശാല, ഷാഹിദ് ബെഹെഷ്തി സര്‍വകലാശാല തുടങ്ങിയ ടെഹ്‌റാനിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഞായറാഴ്ച നടന്ന പ്രതിഷേധങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സ്വേഛാധിപത്യത്തിന് മരണം, സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം, രക്തച്ചൊരിച്ചില്‍ കഴുകി കളയാനാകില്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം അരങ്ങേറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട വിഡിയോകള്‍ തെളിയിക്കുന്നു.

ജനുവരിയിലെ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ ലഭിച്ചിരുന്ന വടക്കുകിഴക്കന്‍ ഷിയാ നഗരത്തിലെ മഷാദ് ഫെര്‍ദോസി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ സുരക്ഷാ സേന ആക്രമണം നടത്തി. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്.

നിരവധി സര്‍വകലാശാലകളില്‍ ഇറാന്‍ ഭരണകൂട വിരുദ്ധരായ വിദ്യാര്‍ത്ഥികളും അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ അര്‍ധസൈനിക വിഭാഗക്കാരായ ബാസിജ് വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലകള്‍ക്കുള്ളില്‍ പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍വകലാശാലകള്‍ക്ക് പുറത്ത് ആയുധധാരികളായ സുരക്ഷേ സേനയും നിലയുറപ്പിച്ചിട്ടുണ്ട്.

എന്നാല്‍, പ്രതിഷേധങ്ങളെ ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള മാധ്യമങ്ങള്‍ തള്ളി. വിദേശ പിന്തുണയോടെ നടന്ന കലാപത്തില്‍ ഇരയാക്കപ്പെട്ടവരെ ഭരണകൂട അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ആദരിച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി എട്ട്, ഒമ്പത് തീയതികളിലായി ശക്തമായ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇറാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങളുള്‍പ്പടെ റദ്ദാക്കിയിരുന്നു.

പുറംലോകത്ത് നിന്നും പൂര്‍ണമായും മറച്ചുപിടിച്ച പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. 3117 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍.

യു.എസില്‍ നിന്നും ഇസ്രഈലില്‍ നിന്നും പരിശീലനം ലഭിച്ച ഭീകരരാണ് സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതെന്ന് ഇറാന് ആരോപിച്ചിരുന്നു.

Content Highlight: Iran’s universities reopen after being closed during protests; students protest continues

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.