ഇസ്രഈലിനെതിരെ ഇതുവരെയുണ്ടായ ആക്രമണങ്ങൾ ഒരു മുന്നറിയിപ്പ് മാത്രം, കഠിനമായ ശിക്ഷ നടപടികളുണ്ടാകും: ഇറാന്റെ ഉന്നത ജനറൽ
World News
ഇസ്രഈലിനെതിരെ ഇതുവരെയുണ്ടായ ആക്രമണങ്ങൾ ഒരു മുന്നറിയിപ്പ് മാത്രം, കഠിനമായ ശിക്ഷ നടപടികളുണ്ടാകും: ഇറാന്റെ ഉന്നത ജനറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th June 2025, 8:44 am

ടെഹ്‌റാൻ: ഇസ്രഈലിനെതിരെ ഇതുവരെയുണ്ടായ ആക്രമണങ്ങൾ ഒരു മുന്നറിയിപ്പ് മാത്രമാണെന്നും കഠിനമായ ശിക്ഷ നടപടികളുണ്ടാകുമെന്നും ഇറാന്റെ ഉന്നത സൈനിക കമാൻഡർ. വെള്ളിയാഴ്ച മുതൽ ഇതുവരെ നടത്തിയ ആക്രമണങ്ങൾ ഒരു പ്രതിരോധ മുന്നറിയിപ്പ് മാത്രമായിരുന്നെന്നും യഥാർത്ഥ ശിക്ഷാ നടപടികൾ ഉടൻ നടപ്പിലാക്കുമെന്നും ഇറാന്റെ സായുധ സേനയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ സയ്യിദ് അബ്ദുൾറഹിം മൗസവി ഒരു ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.

സൈനിക കേന്ദ്രങ്ങൾ എന്ന വ്യാജേന ഇസ്രാഈൽ ഭരണകൂടവും സമീപ ദിവസങ്ങളിൽ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുൾപ്പെടെ താമസിക്കുന്ന ഇറാനിലെ ജനവാസകേന്ദ്രം ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലും ലെബനനിലുമായി 300 ഓളം പത്രപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം, സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിന്റെ (ഐ.ആർ.ഐ.ബി) മാധ്യമ പ്രൊഫഷണലുകൾക്കെതിരെ ഭരണകൂടം ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രഈൽ ഭരണകൂടം അംഗീകൃത അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ എന്ന മഹത്തായ രാഷ്ട്രം ഒരിക്കലും ആക്രമണത്തിന് വഴങ്ങിയിട്ടില്ല, ഈ ക്രൂരമായ ആക്രമണത്തിനെതിരെ ഞങ്ങൾ ശക്തമായി നിലകൊള്ളും. ദൈവം അനുവദിച്ചാൽ, ഇസ്രഈൽ ഭരണകൂടം ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഞങ്ങൾ ശിക്ഷ നൽകും. നമ്മുടെ സഹപൗരന്മാരുടെയും ശാസ്ത്രജ്ഞരുടെയും സൈനിക കമാൻഡർമാരുടെയും നഷ്ടം ഇസ്രഈൽ ഭരണകൂടത്തിനെതിരെ പ്രതികരിക്കാൻ നമ്മെ കൂടുതൽ ശക്തരാക്കും,’ മൗസവി പറഞ്ഞു.

വെള്ളിയാഴ്ച മുതൽ ഇതുവരെയും ഐ.ആർ.ജി.സി എയ്‌റോസ്‌പേസ് ഫോഴ്‌സും വ്യോമ പ്രതിരോധ ആസ്ഥാനവും ഐ.ആർ.ജി.സി, ലോ എൻഫോഴ്‌സ്‌മെന്റ് കമാൻഡ്, പ്രതിരോധ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ മുൻനിരയിലാണെന്നും അവർ ഒരുമിച്ച് ഇസ്രഈലിന്റെ സുപ്രധാനമായ സ്ഥലങ്ങൾ ആക്രമിച്ചുകൊണ്ട് ശത്രുവിന് കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും മേജർ ജനറൽ മൗസവി പറഞ്ഞു.

കൂടാതെ അധിനിവേശ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ടെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ കുടിയേറ്റക്കാർ, ജീവൻ രക്ഷിക്കാൻ ഈ പ്രദേശങ്ങൾ ഉടൻ വിട്ടുപോകണമെന്നും നെതന്യാഹുവിന്റെ ക്രൂര തീരുമാനങ്ങൾക്കായി സ്വയം ബലിയർപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ലോകത്തിലെ സ്വതന്ത്രരായ ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. ദൈവം അനുവദിച്ചാൽ, അവന്റെ ശക്തിയാൽ, സായുധ സേനയുടെ നേതൃത്വത്തിൽ ഇറാൻ എന്ന മഹത്തായ രാഷ്ട്രം രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും,’ അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇറാന്റെ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം 224 പേര്‍ മരിച്ചതായും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ ഇറാനിലെ നിരവധി സൈനിക കമാന്റര്‍മാരെയും ആണവ ശാസ്ത്രജ്ഞന്മാരെയും കൊലപ്പെടുത്തിയതായും ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടതായും ഇന്ധനം നിറക്കുന്ന വിമാനം ആക്രമിച്ചുവെന്നും ഇസ്രഈല്‍ പറയുന്നുണ്ട്.

‘യാ അലി ഇബ്‌നു അബി താലിബ്’ എന്ന പേരിലാണ് ഇസ്രഈലിനെതിരെ ഇറാന്‍ ആക്രമണം തുടരുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഐ.ആര്‍.ജി.സി എയ്റോസ്പേസ് വിഭാഗം ഇസ്രഈലിലെ 545 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഇസ്രഈലിലും ഹൈഫയിലും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതിനെ പിന്നാലെ എട്ട് പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

 

Content Highlight: Iran’s top military commander warns Israel of imminent ‘punitive’ strike