സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനില്‍ തന്നെ നിലനിര്‍ത്തണം; അമേരിക്കന്‍ ആവശ്യം തള്ളി ഖാനംഇ; റിപ്പോര്‍ട്ട്
World News
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനില്‍ തന്നെ നിലനിര്‍ത്തണം; അമേരിക്കന്‍ ആവശ്യം തള്ളി ഖാനംഇ; റിപ്പോര്‍ട്ട്
ആദര്‍ശ് എം.കെ.
Thursday, 21st May 2026, 8:37 pm

 

ടെഹ്റാന്‍: ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് അയക്കരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഇ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാധാന ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് തള്ളിക്കൊണ്ടാണ് ഇറാന്‍ ഈ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനില്‍ നിന്ന് മാറ്റണമെന്നത് സമാധാന ചര്‍ച്ചകളില്‍ അമേരിക്കയുടെയും ഇസ്രഈലിന്റെയും പ്രധാന ആവശ്യമായിരുന്നു. ഏതൊരു സമാധാന കരാറിലും ഈ വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന് ട്രംപ് ഇസ്രഈലിന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ ആവശ്യം ഇറാന്‍ ഇപ്പോള്‍ ഔദ്യോഗികമായി നിരസിച്ചിരിക്കുകയാണ്.

യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റുന്നത് ഭാവിയില്‍ അമേരിക്കയില്‍ നിന്നോ ഇസ്രഈലില്‍ നിന്നോ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇറാന്റെ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നു.

ഇറാനിലെ യുറേനിയം ശേഖരത്തിന്റെ കാര്യത്തില്‍ ഇറാന്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.

ഇറാനിയന്‍ താത്പര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്നും റഷ്യ വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണത്തെച്ചൊല്ലി യു.എ.ഇയും ഇറാനും തമ്മിലുള്ള വാക്പോര് തുടരുകയാണ്. തങ്ങളുടെ അതിര്‍ത്തിയില്‍ ഇറാന്റെ അവകാശവാദം വെറും ‘പകല്‍ക്കിനാവ്’ മാത്രമാണെന്ന് യു.എ.ഇ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കടലിടുക്കിലെ ഇറാന്റെ ഉപരോധം ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

യു.എസ്-ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ എട്ട് വരെയുള്ള കാലയളവില്‍ മാത്രം നാലായിരത്തിലധികം പേര്‍ സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, അമേരിക്ക അയച്ച നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Content highlight: Iran’s supreme leader reportedly said that enriched uranium should remain in the country.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.