ഇറാനെതിരായ മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല; മുന്നറിയിപ്പുമായി ഇറാന്‍ കായിക മന്ത്രി
Sport-News
ഇറാനെതിരായ മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല; മുന്നറിയിപ്പുമായി ഇറാന്‍ കായിക മന്ത്രി
ശ്രീരാഗ് പാറക്കല്‍
Thursday, 11th June 2026, 6:32 pm

2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയങ്ങളില്‍ അനധികൃത പതാകകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയോ മുദ്രാവാക്യങ്ങള്‍ വിളിക്കുകയോ ചെയ്താല്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്. ദേശീയ ടീമിനെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നാണ് ഇറാന്‍ കായിക മന്ത്രി അഹമ്മദ് ദോന്യമാലി പറയുന്നത്.

‘ലോകകപ്പില്‍ ഇറാന്‍ കളിക്കുന്ന സ്റ്റേഡിയങ്ങളില്‍ അനൗദ്യോഗിക പതാകകള്‍ കൊണ്ടുവന്നാലോ ദേശീയ ടീമിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചാലോ മത്സരം നിര്‍ത്തുന്നതിന് ടീം മാനേജര്‍ തീര്‍ച്ചയായും ഉത്തരവാദിയായിരിക്കുമെന്ന് ഞങ്ങള്‍ ഫിഫയെ അറിയിച്ചിട്ടുണ്ട്,’ ഇറാന്‍ കായിക മന്ത്രി അഹമ്മദ് ദോന്യമാലി ചൊവ്വാഴ്ച പറഞ്ഞതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ഫുട്‌ബോള്‍ ടീം

ഇറാന്‍ ദേശീയ ടീമും ലോകകപ്പിന് മുന്നോടിയായി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ട പിന്‍വലിച്ചതായി അധികൃതര്‍ ആരോപിച്ചു. ഇതോടെ നേരത്തെ യാത്രയും താമസവും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തിയ നിരവധി ഇറാന്‍ ആരാധകര്‍ക്ക് ടീമിന്റെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം നിലവില്‍ മെക്‌സിക്കോയിലെ ടിജുവാനയില്‍ പരിശീലനം നടത്തുന്ന ഇറാന്‍ ടീമിന് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് മാത്രമേ അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും ഒരു ദിവസം മുമ്പാണ് ഇറാന് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. മത്സരങ്ങള്‍ക്കായി മെക്‌സിക്കോയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയാണ് ഇറാനുള്ളത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇറാന്‍ ഫുട്‌ബോള്‍ ഫാന്സ് – Photo: Al Jazeera

നേരത്തെ ഇറാന്‍ താരങ്ങള്‍ക്ക് വിസ യു.എസ് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
തങ്ങളുടെ ആദ്യ മത്സരത്തിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇറാന്‍ കളിക്കാര്‍ക്ക് വിസ ലഭിച്ചത്. കൂടാതെ, ടീമിനൊപ്പമുണ്ടായിരുന്ന 70 പേരില്‍ 15 പ്രധാന അംഗങ്ങള്‍ക്കും വിസ നിഷേധിക്കപ്പെട്ടിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ-സൈനിക സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് 2026 ഫിഫ ലോകകപ്പ് വേദിയിലും ഇറാന്‍ ഫുട്‌ബോള്‍ ടീം ചര്‍ച്ചയാകുന്നത്. സുരക്ഷാ ആശങ്കകള്‍, ആരാധകരുടെ സാന്നിധ്യം, രാഷ്ട്രീയ പ്രതിഷേധങ്ങള്‍ എന്നീ വിഷയത്തില്‍ ഇറാന്റെ മത്സരങ്ങളെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇത് കൂടാതെ സൊമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടണെ അമേരിക്ക വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തിയ ശേഷം തിരിച്ചയച്ചതും വാര്‍ത്തയായിരുന്നു.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യയിലെ ശക്തരായ ടീമുകളിലൊന്നായ ഇറാന്‍ ജൂണ്‍ 15ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലന്‍ഡിനെതിരെയും ജൂണ്‍ 21 ന് ബെല്‍ജിയത്തിനെതിരെയും കളിക്കും. ജൂണ്‍ 26 ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.

Content Highlight: Iran’s Sports Minister warns against slogans or protests against Iran

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ