ടെല്‍ അവീവ്: ഇറാന്റെ തിരിച്ചടിയില്‍ ഇതുവരെ 3000ത്തോളം പേര്‍ക്ക് പരിക്കേറ്റെന്ന് ഇസ്രഈല്‍ സ്ഥീരീകരിച്ചു. ഇറാന്‍ കീഴടങ്ങാന്‍ പോവുകയാണെന്നും ആയുധങ്ങള്‍ ശക്തമല്ലെന്നുമുള്ള പെന്റഗണിന്റെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രസ്താവനകള്‍ക്കിടെയാണ് ഇസ്രഈലിന്റെ വെളിപ്പെടുത്തല്‍.

2975 പേര്‍ക്ക് പരിക്കേറ്റെന്ന് ഇസ്രഈല്‍ ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 85 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവ െ 1300ലേറെ പേര്‍ കൊല്ലപ്പെടുകയും 10,000ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

അതേസമയം, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് യു.എസിനും ഇസ്രഈലിനും എതിരെ 44ാമത്തെ ആക്രമണ തരംഗം പ്രഖ്യാപിച്ചു. ഹൈഫ, ഹദേര, കിര്യത്ത് ഷ്‌മോണ എന്നീ ഇസ്രഈലി നഗരങ്ങളില്‍ ഇറാന്‍ കടുത്ത വ്യോമാക്രമണം നടത്തി.

യു.എസ് താവളങ്ങളെയും യു.എസ് ഫിഫ്ത്ത് ഫ്‌ലീറ്റിനെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. ഇറാന്റെ മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് വടക്കന്‍ ഇസ്രഈലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞദിവസം ഇറാഖില്‍ ഇന്ധനം നിറയ്ക്കുന്ന KC-135 വിമാനം തകര്‍ന്ന് നാല് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് സെന്റ്‌കോം അറിയിച്ചു. വിമാനം തകര്‍ത്തത് തങ്ങളാണെന്ന് ഇറാന്‍ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇക്കാര്യം യു.എസ് തള്ളിക്കളയുകയും വെടിവെപ്പിലല്ല വിമാനം തകര്‍ന്നതെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

യു.എസിനും സംഘര്‍ഷം കനത്ത നഷ്ടങ്ങളാണുണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ആയുധ ശേഖരത്തില്‍ യു.എസ് ക്ഷാമം അനുഭവിക്കുന്നതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപ്‌ തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍-യു.എസ്,ഇസ്രഈല്‍ സംഘര്‍ഷത്തില്‍ സാമ്പത്തിക രംഗത്തും വലിയ തിരിച്ചടികള്‍ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. യു.എസ് ഡോളര്‍ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലെത്തി.

ഓസ്‌ട്രേലിയയും ജപ്പാനും എണ്ണ പ്രതിസന്ധിയെ തുടര്‍ന്ന് കരുതല്‍ ശേഖരത്തില്‍ നിന്നും പെട്രോളും ഡീസലും പുറത്തിറക്കി. പശ്ചിമേഷ്യയിലാകെ സംഘര്‍ഷം ശക്തമായി തുടരുകയാണ്. സൗദി അറേബ്യ കഴിഞ്ഞദിവസം കിഴക്കന്‍ പ്രവിശ്യകളിലും അല്‍-ഖര്‍ജ് പ്രദേശത്തും ഡ്രോണുകള്‍ തടഞ്ഞിട്ടു. കുവൈത്ത് പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണിയെ എതിരിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇ കഴിഞ്ഞദിവസങ്ങളിലായി നിരവധി ശത്രു ഡ്രോണുകളെ പ്രതിരോധിച്ചു. ഇറാഖിലെ എണ്ണപ്പാടത്തിന് സമീപം രണ്ട് ഡ്രോണുകള്‍ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിക്ക് നേരെയും കഴിഞ്ഞദിവസം ആക്രമണമുണ്ടായി.

Content Highlight: Iran’s retaliation is strong; Israel says nearly 3,000 people injured