ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
Ebrahim Raisi
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 9:52 am

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു. നേരത്തെ ഇറാനിലെ വാര്‍ത്ത ഏജന്‍സിയായ മെഹര്‍ വാര്‍ത്ത ഏജന്‍സിയും മരണം സ്ഥിരീകരിച്ചിരുന്നു. റഈസിക്കൊപ്പം ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലഹ്‌യാന്‍ ഉള്‍പ്പടെയുള്ളവര്‍ രക്തസാക്ഷികളായതായും റിപ്പോര്‍ട്ടിലുണ്ട്.

കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മിലിക് റഹ്മത്തി, അയത്തുള്ള അലി ഖമനൈനിയുടെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷി എന്നിവരുമാണ് റഈസിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇറാനിലെ അര്‍ദ്ധ-ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയാണ് മെഹര്‍.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ആരും തന്നെ ജീവനോടെയില്ലെന്നുമാണ് സൂചന  എന്നുമാണ് തുടക്കത്തില്‍ ഇറാന്റെ ഒദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇറാന്‍-അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. മറ്റു രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി പറന്നു.

കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ വര്‍സഖാന്‍, ജോല്‍ഫ നഗരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ദിസ്മര്‍ വനത്തിലാണ് അപകടം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പ്രദേശം.

രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു. പ്രത്യേക പരിശീലനം നേടിയ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് റഷ്യ അയച്ചിരുന്നു. വ്യത്യസ്തങ്ങളായ 40 സംഘങ്ങളുടെ നേതൃ്തവത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.

ഇറാന്‍ ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് മരണപ്പെടുകയോ, കഴിവില്ലായ്മ കാരണം സ്ഥാനത്ത് നിന്ന് മാറുകയോ ചെയ്താല്‍ 50 ദിവസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ആദ്യത്തെ വൈസ് പ്രസിഡന്റ് പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്നാണ്. അപ്രകാരം മുഹമ്മദ് മൊഖ്ബറായിരിക്കും ഇറാന്റെ അടുത്ത പ്രസിഡന്റ്. 2021ല്‍ ഇബ്രാഹിം റഈസി അധികാരമേറ്റ ഉടന്‍ തന്നെ തന്റെ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറിനെ നിയമിച്ചിരുന്നു.

content highlights; Iran’s President Ibrahim Raeesi has reportedly been killed