ടെഹ്‌റാൻ: ഇസ്രാഈൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുൾപ്പടെയുള്ള ബാഹ്യശക്തികൾക്ക് കനത്ത തിരിച്ചടിയുമായി ഇറാൻ. ശത്രുക്കൾക്കുള്ള മറുപടിയായി തങ്ങൾ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്റെ മുതിർന്ന നിയമസഭാംഗം പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ യുദ്ധക്കൊതി നിറഞ്ഞ പരാമർശങ്ങൾക്ക് പിന്നാലെയാണ് സംഘർഷം ഹോർമുസ് കടലിടുക്ക് അടച്ചിടുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ താന്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കും അറിയില്ലെന്നും ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ യു.എസിന്റെ നിലപാട് രണ്ടാഴ്ചക്കുള്ളില്‍ സ്വീകരിക്കുമെന്ന് വൈറ്റ്ഹൗസ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇറാനെതിരായ ഇസ്രഈലി ആക്രമണത്തിൽ നേരിട്ട് ഇടപെടുന്നത് ശരിയായ മാർഗമല്ലെന്ന ഉപദേഷ്ടാക്കളുടെ ഉപദേശം ട്രംപ് ഏതാണ്ട് അവഗണിച്ച മട്ടാണ്.
അതേസമയം പാശ്ചാത്യ സമ്മർദത്തിന് പ്രതികാരമായി ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ ഇറാന്റെ നിയമസഭാംഗം തന്നെ പരസ്യമായി ഇതിനെക്കുറിച്ച് പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
‘ശത്രുക്കളോട് പ്രതികരിക്കാൻ ഇറാന് നിരവധി ഓപ്ഷനുകൾ ഉണ്ട്. സാഹചര്യം അടിസ്ഥാനമാക്കിയാണ് അത്തരം ഓപ്ഷനുകൾ ഉപയോഗിക്കുക. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഇറാന് മുന്നിലുള്ള സാധ്യതകളിൽ ഒന്നാണ്,’ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി പ്രെസിഡിയം അംഗം ബെഹ്നം സയീദി പറഞ്ഞു.
ഹോർമുസ് കടലിടുക്ക്
തങ്ങളുടെ സുപ്രധാന ദേശീയ താത്പര്യങ്ങൾ അപകടത്തിലാകാത്തിടത്തോളം കാലം ഇറാൻ കടലിടുക്കിലും ഗൾഫിലും സൗജന്യ ഷിപ്പിങ് അനുവദിക്കുന്നത് തുടരുമെന്ന് മറ്റൊരു നിയമസഭാംഗമായ അലി യാസ്ദിഖ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഇസ്രഈലിനെ പിന്തുണച്ച് അമേരിക്ക ഔദ്യോഗികമായി യുദ്ധത്തിൽ പ്രവേശിക്കുകയാണെങ്കിൽ, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും എണ്ണ വ്യാപാരത്തിന്റെ സുഗമമായ ഗതാഗതം തടസപ്പെടുത്താനുള്ള പദ്ധതികൾ നടത്തുക എന്നത് ഇറാന്റെ അവകാശമാണ്. ഇറാനെ നേരിടാൻ ഒരു രാജ്യവും ഇസ്രഈലിനെ പിന്തുണയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇതുവരെയും രാജ്യങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിച്ചിരുന്നു ഹോർമുസ് കടലിടുക്ക് അങ്ങനെയല്ലാതാക്കാനും ഇറാന് കഴിയും ,’ യാസ്ദിഖ പറഞ്ഞു.
എല്ലാ പ്രാദേശിക സംസ്ഥാനങ്ങൾക്കും മറ്റ് നിരവധി രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ നിന്നും ഇതുവരെ വിട്ടുനിന്നതാണെന്നും യാസ്ദിഖ കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തിൽ ആയത്തുല്ല സയ്യിദ് അലി ഖാംനഇ അമേരിക്കൻ സൈനിക ഇടപെടലിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.
‘ഇറാനെയും അവിടുത്തെ ജനങ്ങളെയും അതിന്റെ നീണ്ട ചരിത്രത്തെയും ശരിക്കും മനസിലാക്കുന്ന ആളുകൾ ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. ഇറാൻ അവരുടെ ഭീഷണിക്ക് വഴങ്ങില്ല. അമേരിക്കക്കാർ മനസിലാക്കണം. ഏതൊരു യു.എസ് സൈനിക കടന്നുകയറ്റവും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും,’ അദ്ദേഹം പറഞ്ഞു.
അലി ഖാംനഇ പറയുന്ന പ്രത്യാഘാതങ്ങളിലൊന്ന് ഇറാൻ നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലായിരിക്കുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡൊണാൾഡ് ട്രംപ്
ഒമാനിനും ഇറാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ്, കുവൈറ്റ് തുടങ്ങിയ ഗൾഫ് ഉത്പാദകരുടെ പ്രാഥമിക കയറ്റുമതി മാർഗമാണിത്.
മൊത്തം ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 25 ശതമാനം, അതായാത് ഏകദേശം 18 ദശലക്ഷം ബാരൽ എണ്ണ ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇതുവഴിയാണ്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഊർജ മേഖലയ്ക്കും കനത്ത പ്രഹരം നൽകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കടലിടുക്ക് അടച്ചാൽ ലോകമെമ്പാടുമുള്ള മിക്ക ബഹുരാഷ്ട്ര കമ്പനികളും അവയുടെ പ്രവർത്തനം നിലനിർത്താൻ ആവശ്യമായ ഊർജ സ്രോതസുകൾ തീർന്നുപോകുമെന്നും പിന്നാലെ ദിവസങ്ങൾക്കുള്ളിൽ അവ അടച്ചുപൂട്ടപ്പെടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
എൽ.പി.ജി കയറ്റുമതി നിർത്തിവെക്കപ്പെടുമെന്നും പേർഷ്യൻ ഗൾഫ് മേഖലയിലുള്ളവ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) വളരെയധികം നഷ്ടം നേരിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ് പുതിയൊരു ഊർജ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് യു.എൻ ആണവ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ ഒരു വിദഗ്ദ്ധൻ പറഞ്ഞു.
ഊർജ വിലയിൽ കുത്തനെയുള്ള വർധനവ് ഉണ്ടാകുമെന്നും ഇത് യുണൈറ്റഡ് കിംഗ്ഡം, ജർമനി, ഫ്രാൻസ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രധാന വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിന് വരെ കാരണമാകുമെന്നും വിദഗ്ദ്ധർ അറിയിച്ചു.
ഇസ്രഈൽ ഭരണകൂടത്തിന് വേണ്ടി ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കയെയും ഇത് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിൽ പെട്രോൾ വില ഉയരും. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന നിരവധി വ്യവസായങ്ങൾ അടച്ചുപൂട്ടാൻ കാരണമാകുകയും ദശലക്ഷക്കണക്കിന് ആളുകൾ തൊഴിൽരഹിതരാകുകയും ചെയ്യും.
ബദൽ മാർഗങ്ങൾക്ക് വലിയ ചെലവ് വരുന്നതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചാൽ ആദ്യ ആഴ്ചയിൽ തന്നെ എണ്ണവില 80 ശതമാനം ഉയരുമെന്ന് ചില പ്രവചനങ്ങൾ പറയുന്നു.
Content Highlight: Iran’s options against foreign aggression include closing Strait of Hormuz, lawmaker says