ടെഹ്റാന്‍: അമേരിക്കയും ഇസ്രഈലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനെതിരെ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ.
പേര്‍ഷ്യന്‍ പുതുവത്സരമായ നൗറൂസില്‍ ജനതയ്ക്കായി നല്‍കിയ സന്ദേശത്തിലാണ് രാജ്യം ശത്രുക്കള്‍ക്ക് ‘കനത്ത പ്രഹരം’ നല്‍കിയതായി അദ്ദേഹം വ്യക്തമാക്കിയത്.
ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖാംനഇയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ ശേഷം മൊജ്തബ ഖാംനഇ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശമാണിത്.
ഇസ്രഈലും അമേരിക്കയുമായും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ ഇസ്ലാമിക് റിപ്പബ്ലിക് കഴിഞ്ഞ 12 മാസത്തിനിടെ നേരിട്ട മൂന്നാമത്തെ യുദ്ധമായാണ് ഖാംനഇ വിശേഷിപ്പിച്ചത്.
‘ഭരണകൂടത്തിന്റെ തലവനും രാജ്യത്തിന്റെ സൈനിക ഉദ്യോഗസ്ഥരും വധിക്കപ്പെട്ടാല്‍ ജനങ്ങള്‍ക്കിടയില്‍ ഭയവും നിരാശയും പടരുമെന്നും അതുവഴി ഇറാനെ കീഴടക്കി ഛിന്നഭിന്നമാക്കാമെന്നും ശത്രുക്കള്‍ വ്യാമോഹിച്ചു. എന്നാല്‍ ഇത് അവരുടെ തെറ്റായ കണക്കുകൂട്ടലായിരുന്നു,’ ഖാംനഇ പറഞ്ഞു.
ഇറാന്റെ ഐക്യം കൂടുതല്‍ ദൃഢമാകുമെന്നും ശത്രുക്കള്‍ ശക്തി കുറഞ്ഞവരുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കിടെ തുര്‍ക്കിയിലും ഒമാനിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനോ സഖ്യകക്ഷികളോ അല്ലെന്നും ഖാംനഇ ആവര്‍ത്തിച്ചു.
അയല്‍ക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഇസ്രഈലും യു.എസും തെറ്റായ പതാക ഉപയോഗിച്ച് തന്ത്രങ്ങള്‍ മെനഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ തടഞ്ഞതായി തുര്‍ക്കിയും, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഒമാനും പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഖാംനഇ, മേഖലയിലെ സമാധാനത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അറിയിച്ചു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് രാജ്യങ്ങള്‍ യുദ്ധത്തിന് താത്ക്കാലിക വിരാമം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും മൊജ്തബ ഖാംനഇ ഇതുവരെ പൊതുവേദികളിലോ ദൃശ്യമാധ്യമങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇത്തവണത്തെ നൗറൂസ് സന്ദേശത്തിന്റെ വീഡിയോയോ ഓഡിയോയാ പുറത്തുവിടാതെ ടെലഗ്രാം ചാനലിലൂടെയും ഔദ്യോഗിക മാധ്യമങ്ങളിലൂടെയുമാണ് അദ്ദേഹത്തിന്റെ സന്ദേശം പുറത്തുവിട്ടത്.
പിതാവിന്റെ മരണത്തിന് കാരണമായ ആക്രമണത്തില്‍ മൊജ്തബ ഖാംനഇയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൊജ്തബയെ ചികിത്സയ്ക്കായി റഷ്യയിലക്ക് കൊണ്ടുപോയെന്ന വാര്‍ത്ത ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും ഉദ്യോഗസ്ഥരും തള്ളുകയും ചെയ്തിരുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തന്റെ നൗറൂസ് സന്ദേശത്തില്‍ ഖാംനഇയുടെ നിലപാടുകളെ പിന്തുണച്ചു. മുന്‍ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഇ മതപരമായി നിരോധിച്ച ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Content Highlight: Iran’s Khamenei says enemy ‘defeated’ in written Nowruz message