ഇറാന്റെ പ്രതിരോധവും നേതൃത്വവും എല്ലാം നശിച്ചു; സമയം വൈകിപ്പോയി, ഇനി ചര്‍ച്ചയില്ല: ട്രംപ്
Iran US Conflict
ഇറാന്റെ പ്രതിരോധവും നേതൃത്വവും എല്ലാം നശിച്ചു; സമയം വൈകിപ്പോയി, ഇനി ചര്‍ച്ചയില്ല: ട്രംപ്
അനിത സി
Tuesday, 3rd March 2026, 8:43 pm

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘ഇറാന്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവിക സേന, നേതൃത്വം എല്ലാം പോയി. ഇപ്പോഴവര്‍ക്ക് സംസാരിക്കണം. പക്ഷെ ഞാന്‍ പറഞ്ഞു, ഏറെ വൈകി പോയി എന്ന്’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

യു.എസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായ അലി ലാരിജാനിയും ഇറാന്‍ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.

ഇറാന്‍ ഉദ്യോഗസ്ഥര്‍ ട്രംപുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകളും ലാരിജാനി തള്ളിയിരുന്നു.

നേരത്തെ ഇറാനിലെ ചില നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന് വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന്‍ അസോസിയേറ്റ് പ്രസിനോട് പ്രതികരിച്ചിരുന്നു. ഇതിനെ ട്രംപ് എതിര്‍ത്തെന്നും സൈനിക നടപടി പൂര്‍ണമായും അവസാനിപ്പിച്ചതിന് ശേഷം മാത്രമെ  സംസാരിക്കൂവെന്ന് നിലപാടെടുത്തെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു.

ശനിയാഴ്ചയാണ് യ.എസ്, ഇസ്രഈല് സേന സംയുക്തമായി ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളടക്കം തകര്‍ന്നിരുന്നു. 150ലേറെ പേരാണ് ആദ്യ ദിനത്തിലെ ഈ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇറാനിലേക്കുള്ള യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും തുടരുകയാണ്. ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 787 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iran’s defenses and leadership are all gone; too late to talk: Trump

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.