ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥ യു.എസ് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി
Trending
ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥ യു.എസ് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി
സിജൊ
Monday, 22nd June 2026, 8:21 am

ടെഹ്‌റാന്‍: യു.എസ് – ഇറാന്‍ ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ യു.എസ് ലംഘിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്റെ താത്കാലിക പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ സയ്യേദ് മജീദ് എബ്‌നൊ ഇറേസ. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ യു.എസിനെതിരെ ശക്തവും അവര്‍ പിന്നീട് വിഷമിക്കേണ്ടി വരുന്നതുമായ ഒരു പ്രതികരണം ഉണ്ടാവുമെന്ന് ഇറാന്‍ മന്ത്രി പറഞ്ഞു. ധാരണാ പത്രം ഒപ്പിട്ടെങ്കിലും യു.എസിനെ ഇറാന്‍ സൈന്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളിലെ പാകിസ്ഥാന്റെ പങ്കിനെ ഇറാന്‍ മന്ത്രി പ്രശംസിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന സുഹൃത്തുക്കളുടെ ഐക്യധാര്‍ഢ്യവും കരുണയും ഇറാന്‍ ഒരിക്കലും മറക്കില്ലെന്ന് പാകിസ്ഥാന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

ഒരു പ്രാദേശിക സുരക്ഷാ ശൃംഖല ഇസ്‌ലാമിക ലോകത്തിന് വേണമെന്ന ഇറാന്റെ നേരത്തെയുള്ള ആവശ്യവും പാകിസ്ഥാന്‍ മന്ത്രിയുമായുള്ള സംഭാഷണത്തിനിടെ എബ്‌നൊ ഇറേസ ആവര്‍ത്തിച്ചു. ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, മറ്റു മുസ്‌ലിം രാജ്യങ്ങള്‍ എന്നിവര്‍ പങ്കാളികളായ ഒരു സുരക്ഷാ സഖ്യത്തിനായുള്ള ആവശ്യമാണ് ഇറാന്‍ ആവര്‍ത്തിച്ചത്.

ലെബനനിലെ ഹിസ്ബുല്ലയെ പിന്തുണക്കുന്നതിനാല്‍ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇത്തരം വാചകമടികള്‍ നടത്തുമ്പോള്‍ യു.എസ് കുറച്ച് ശ്രദ്ധ പുലര്‍ത്തണമെന്ന് ഇറാന്റെ മുതിര്‍ന്ന ചര്‍ച്ചാ പ്രതിനിധി മുഹമ്മദ് ബാഘര്‍ ഘാലിബാഫിന്റെ പ്രതികരണവും പിന്നീട് പുറത്തു വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്

ഇറാന്‍ – യു.എസ് ചര്‍ച്ച തുടരുന്നു

ഈ മാസം 19നാണ് ഇറാന്‍-യു.എസ് ധാരണാ പത്രം ഇരു പക്ഷവും അംഗീകരിച്ചത്. കരാറില്‍ ഇരു പക്ഷവും ഡിജിറ്റലി ഒപ്പ് വച്ചതിന് ശേഷമുള്ള തുടര്‍ ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പുരോഗമിക്കുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗെന്‍സ്റ്റോക്കില്‍ വച്ചാണ് ചര്‍ച്ച. ചര്‍ച്ചയില്‍ ഇറാന്റെയും യു.എസിന്റെയും പ്രതിനിധികള്‍ക്കൊപ്പം മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെയും പാകിസ്ഥാന്റെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

തുടര്‍ ചര്‍ച്ചകളുടെ ആദ്യ ദിനത്തില്‍ ഗുണകരമായ പുരോഗതിയാണ് ഇറാന്റെയും യു.എസിന്റെയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മധ്യസ്ഥരായ പാകിസ്ഥാനും ഖത്തറും അറിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറില്‍ 60 ദിവസത്തിനകം എത്തിച്ചേരുന്നതിനുള്ള മാര്‍ഗരേഖയില്‍ ഇരു പക്ഷവും ധാരണയിലെത്തിയതായും പാകിസ്ഥാന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ അറിയിച്ചു.

ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അടക്കം എല്ലാ പോര്‍മുഖങ്ങളിലെയും സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു ഈ മാസം 19ന് ഒപ്പുവച്ച ധാരണാ പത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഇതിന് പുറമെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ തടസ്സം നീക്കി കപ്പല്‍ ഗതാഗം പുനസ്ഥാപിക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും ധാരണാ പത്രത്തിലുണ്ട്.

ധാരണാ പത്രം ഡിജിറ്റലി ഒപ്പ് വച്ചതിന് പിറകെ ഹോര്‍മുസ് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിച്ചിരുന്നില്ല. പിന്നീട് ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രഈലും ലബനനിലെ ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ കരാരില്‍ ധാരണയിലെത്തി. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഇതോടെ തുറന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടക്കുകയും ചെയ്തിരുന്നു.

Content Highlight: Iran’s caretaker defense minister Brigadier General Seyyed Majid Ebnolreza warns of ‘heavy, regretful’ response to any violation of US MoU