ജലക്ഷാമം പരിഹരിക്കല്‍; സഹായം വാഗ്ദാനം ചെയ്ത നെതന്യാഹുവിനെ പരിഹസിച്ച് ഇറാന്‍ പ്രസിഡന്റ്
Trending
ജലക്ഷാമം പരിഹരിക്കല്‍; സഹായം വാഗ്ദാനം ചെയ്ത നെതന്യാഹുവിനെ പരിഹസിച്ച് ഇറാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2025, 6:52 am

ടെഹ്‌റാന്‍: ഇറാനിലെ ജലപ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കാമെന്നുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിച്ചിരിക്കുകയാണ്, അതിനാല്‍ ഇത് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് മസൂദ് പെസസ്‌കിയാന്‍ പരിഹസിച്ചത്.

തന്റെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റിലൂടെയായിരുന്നു ഈ പരിഹാസം. കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തില്‍ നെതന്യാഹു ഇറാനികളെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ, ഇറാനിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കാമെന്ന് സ്വയം പ്രതിജ്ഞയെടുത്തിരുന്നു.

നിലവിലെ സര്‍ക്കാരില്‍ നിന്നും ഇറാന്‍ സ്വതന്ത്ര്യമായി കഴിഞ്ഞാല്‍ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രഈല്‍ സഹായിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതിജ്ഞ. പിന്നാലെയാണ് ഇറാന്‍ പ്രസിഡന്റിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലും മസൂദ് പെസസ്‌കിയാന്‍ ഈ വിഷയം സംസാരിച്ചിരുന്നു. ‘ഗസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടം ഇറാനിലേക്ക് വെള്ളം കൊണ്ടുവരുമെന്ന് പറയുകയാണോ. അത് അത്ഭുതമാണ്. അതില്‍ കൂടുതലൊന്നുമില്ല,’ എന്നായിരുന്നു പറഞ്ഞിരുന്നത്. വഞ്ചനയുടെ വേഷം ധരിച്ചവര്‍ ഇറാനിലെ ജനങ്ങളോട് അനുകമ്പയുണ്ടെന്ന് തെറ്റായി അവകാശപ്പെടുകയാണെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ആദ്യം ഗസയുടെയും പ്രതിരോധമില്ലാത്ത ജനങ്ങളുടെയും അവസ്ഥയിലേക്ക് നോക്കൂ. പട്ടിണി, കുടിവെള്ളം, മരുന്ന് എന്നിവയുടെ ലഭ്യത കുറവും ക്രൂരമായ ഭരണകൂടത്തിന്റെ ഉപരോധവും കാരണം ബുദ്ധിമുട്ടുന്ന കുട്ടികളുടെയും അവസ്ഥ നോക്കൂ,’ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ജൂണില്‍ ഇസ്രഈല്‍ ഇറാനിലേക്ക് തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇറാനില്‍ 1000ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

തിരിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രഈലില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഒടുവില്‍ സംഘര്‍ഷം രൂക്ഷമായതോടെ ലോകരാജ്യങ്ങള്‍ ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇറാനും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാറിലെത്തുകയും ചെയ്തു.

Content Highlight: Iran President Masoud Pezeshkian Mocks Benjamin Netanyahu For Offering Help In Water Crisis In Iran