ഇറാനിൽ സംഗീതോത്സവങ്ങളോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും ഇസ്‌ലാമിക ഐക്യ വാരവും സംഘടിപ്പിച്ചു
world
ഇറാനിൽ സംഗീതോത്സവങ്ങളോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും ഇസ്‌ലാമിക ഐക്യ വാരവും സംഘടിപ്പിച്ചു
ശ്രീലക്ഷ്മി പി.പി
Monday, 31st August 2026, 10:55 am

ടെഹ്‌റാൻ: ഇറാനിൽ സംഗീതോത്സവങ്ങളോടെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷവും ഇസ്‍ലാമിക ഐക്യ വാരവും വിപുലമായി സംഘടിപ്പിച്ചു. രാജ്യത്തുടനീളം നടന്ന ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനമായ ടെഹ്‌റാനിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ‘ഉമ്മത്ത് അഹമ്മദ്’ പൊതു സമ്മേളനം ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം സാംസ്‌കാരിക-സംഗീത പരിപാടികളും മതപരമായ ചടങ്ങുകളും നടന്നു.

ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സൗഹാർദ്ദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഷിയാ-സുന്നി പണ്ഡിതന്മാരും പൊതുജനങ്ങളും ഒത്തുചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.

സുന്നി പാരമ്പര്യപ്രകാരമുള്ള റബീഉൽ അവ്വൽ 12 മുതൽ ഷിയാ പാരമ്പര്യപ്രകാരമുള്ള റബീഉൽ അവ്വൽ 17 വരെയുള്ള ദിനങ്ങളെ മുസ്‌ലിം ഐക്യം ലക്ഷ്യമിട്ട് ഇമാം ഖൊമേനിയാണ് ‘ഇസ്‌ലാമിക ഐക്യ വാരം’ ആയി പ്രഖ്യാപിച്ചത്.

സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പങ്കെടുത്തു. മുസ്‌ലിം ലോകത്തെ ഭിന്നതകളും തീവ്രവാദ ചിന്തകളും ഇല്ലാതാക്കാനും അടിച്ചമർത്തപ്പെട്ടവർക്കും നീതിക്കും വേണ്ടി ഒരുമിച്ച് നിൽക്കാനും ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദ് നബി ലോകജനതയ്ക്ക് മുഴുവൻ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകനാണെന്ന് ഔദ്യോഗിക പ്രതിനിധികളും ചൂണ്ടിക്കാട്ടി.

സിസ്താൻ-ബലൂചിസ്ഥാൻ, കുർദിസ്ഥാൻ, പടിഞ്ഞാറൻ അസർബൈജാൻ തുടങ്ങിയ സുന്നി ഭൂരിപക്ഷ അതിർത്തി പ്രവിശ്യകളിൽ സുന്നി-ഷിയാ പണ്ഡിതന്മാരുടെ സംയുക്ത സമ്മേളനങ്ങളും മതസൗഹാർദ്ദ റാലികളും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രവിശ്യാ തലസ്ഥാനങ്ങളിൽ തെരുവുകൾ അലങ്കരിക്കുകയും സംഗീത പരിപാടികൾക്കൊപ്പം പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്യുകയും ചെയ്തു.

ഗസയിലെയും ലെബനനിലെയും നിലവിലെ സംഘർഷങ്ങളും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമായി. ബാഹ്യ ഇടപെടലുകളെയും ഭിന്നിപ്പുകളെയും പ്രതിരോധിക്കാൻ മുസ്‌ലിം ലോകത്തിന്റെ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Content Highlight:Iran organises celebrations marking the birthday of Prophet Muhammad with music festivals, along with Islamic Unity Week.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.