2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി-യിലെ ഇറാന്‍-ന്യൂസിലാന്‍ഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ലോസ് ആഞ്ചലസില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയാണ് പോയിന്റുകള്‍ പങ്കുവെച്ചത്. രണ്ട് തവണ പുറകില്‍ നിന്ന ശേഷമാണ് ഇറാന്‍ സമനില പിടിച്ചത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി എലിയ ജസ്റ്റ് ഇരട്ട ഗോള്‍ നേടി. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ എലിയയിലൂടെ ന്യൂസിലാന്‍ഡാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 32ാം മിനിറ്റില്‍ റാമിന്‍ റെസയനിയുടെ ഗോളിലൂടെ ഇറാന്‍ ഒപ്പമെത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ എലിയയിലൂടെ ഇറാന്‍ വീണ്ടും മുന്നിലെത്തി. 64ാം മിനിറ്റില്‍ മുഹമ്മദ് മോഹേബിയിലൂടെ ഇറാന്‍ സമനില ഗോളും സ്വന്തമാക്കി. വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാനായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി മടങ്ങുകയായിരുന്നു.
ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാന്‍ ടീം നിരവധി വെല്ലുവിളികളെ മറികടന്നുകൊണ്ടായിരുന്നു ഈ മത്സരത്തിനിറങ്ങിയത്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ട പിന്‍വലിച്ചിരുന്നു. വിസ നിയന്ത്രണങ്ങള്‍ക്ക് പുറമെ പരിശീലന സെക്ഷനുകളിലും ടീമിന് വെല്ലുവിളികളുണ്ടായിരുന്നു.
ഇറാൻ ഫുട്ബോൾ ടീം. Photo: Sanjay Tirdiya/x.com
മെക്‌സിക്കോയിലെ ടിജുവാനയില്‍ പരിശീലനം നടത്തുന്ന ഇറാന്‍ ടീമിന് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അമേരിക്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഓരോ മത്സരത്തിനും ഒരു ദിവസം മുമ്പാണ് ഇറാന് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. മത്സരങ്ങള്‍ക്കായി മെക്‌സിക്കോയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയാണ് ഇറാനുള്ളത്.
ലോകകപ്പില്‍ ജൂണ്‍ 22നാണ് ഇറാന്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ലോസ് ആഞ്ചലസില്‍ നടക്കുന്ന മത്സരത്തില്‍ ബെൽജിയമാണ് ഇറാന്റെ എതിരാളികള്‍.
അതേസമയം ഗ്രൂപ്പ് ജി-യില്‍ ഇന്ന് നടന്ന ബെല്‍ജിയം-ഈജിപ്ത് പോരാട്ടവും സമനിലയിലായിരുന്നു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഈജിപ്ത് ലീഡ് നേടി. 20ാം മിനിട്ടില്‍ എമം അഷൂറാണ് ബെല്‍ജിയത്തിന്റെ വല കുലുക്കിയത്.
രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ബെല്‍ജിയം തിരിച്ചുവരവ് നടത്തി. പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവിന്റെ ഇടപെടല്‍ ടീമിന് സമനില ഗോള്‍ സമ്മാനിച്ചു. 66ാം മിനിട്ടില്‍ ലുകാകുവിന്റെ റണ്ണിനെത്തുടര്‍ന്ന് ഈജിപ്ത് താരം മുഹമ്മദ് ഹാനി സ്വന്തം വലയിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ജി-യിലെ എല്ലാ ടീമും സമനില വഴങ്ങിയിരിക്കുകയാണ്.
Content Highlight: Iran-New Zealand match in 2026 FIFA World Cup ends in a draw