ലക്ഷ്യബോധമില്ലാത്ത യുദ്ധമാണ് അമേരിക്ക നയിക്കുന്നതെന്നും ‘ഭരണമാറ്റം’ ലക്ഷ്യമിട്ടിറങ്ങിയവര്‍ ഇപ്പോള്‍ സ്വന്തം പൈലറ്റിനെ തേടി യാചിക്കുന്ന അവസ്ഥയിലാണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പരിഹസിച്ചു.
അമേരിക്കയുടെയും ഇസ്രഈലിന്റെയും സൈനിക നീക്കങ്ങളെ ‘തന്ത്രമില്ലാത്ത യുദ്ധം’ എന്നാണ് ഗാലിബാഫ് വിശേഷിപ്പിച്ചത്. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തുടര്‍ച്ചയായി 37 തവണ ഇറാനെ പരാജയപ്പെടുത്തിയ ശേഷം, അവര്‍ ആരംഭിച്ച ഈ ‘മികച്ച തന്ത്രരഹിത യുദ്ധം’ ഇപ്പോള്‍ ഭരണമാറ്റം എന്നതില്‍ നിന്നും ‘ഹേയ്! ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടെത്തുമോ? പ്ലീസ്?’ എന്നതിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. കൊള്ളാം, മികച്ച പുരോഗതി! പ്രതിഭകള്‍ തന്നെ,’ ഗാലിബാഫ് കുറിച്ചു.
ഒരു ദിവസം തന്നെ രണ്ട് യു.എസ് വിമാനങ്ങളും (എഫ്-15, എ-10) രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഗാലിബാഫിന്റെ പ്രതികരണം.
ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് പുറമെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇറാന്‍ അനുകൂല അക്കൗണ്ടുകള്‍ വൈറ്റ് ഹൗസിനെതിരെ കടുത്ത പരിഹാസങ്ങള്‍ ചൊരിയുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ഇറാനിയന്‍ എംബസി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈനിക നേതൃത്വത്തില്‍ വരുത്തിയ മാറ്റങ്ങളെ പരിഹസിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു. ഏറ്റവും ഒടുവില്‍ സ്ഥാനമൊഴിഞ്ഞ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്.
‘എക്സ്പ്ലോസീവ് ന്യൂസ്’ എന്ന ഇറാന്‍ അനുകൂല അക്കൗണ്ട്, പൈലറ്റിനെ തിരയുന്ന ഇറാന്‍ സൈനികരുടെ ആനിമേഷന്‍ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആറാഴ്ചയായി യു.എസും ഇസ്രഈലും രാജ്യത്തിന് നേരെ നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. അധിനിവേശ ശക്തികളെ മുട്ടുകുത്തിക്കും വരെ ആക്രമണം തുടരുമെന്നും കീഴടങ്ങില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Iran Mocks Trump as He Keeps Silent on Missing Fighter Jet Pilot