ജെറുസലേം: ഇസ്രഈലിലെ ഹൈഫയിലുള്ള എണ്ണ സംസ്‌കരണശാലയ്ക്കും ജെറുസലേമിനും നേരെ ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ഇസ്രഈലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും കൈകാര്യം ചെയ്യുന്ന ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്.
ഇറാന്റെ എണ്ണ, വാതകപ്പാടങ്ങള്‍ ആക്രമിച്ചത് തങ്ങളൊറ്റയ്ക്കാണെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ആക്രണം. സംഭവത്തില്‍ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഇസ്രഈല്‍ സൈന്യം അറിയിക്കുന്നത്.
ഹൈഫയിലെ ആക്രമണത്തില്‍ ആളപായമില്ലെന്ന് അറിയിച്ചെങ്കിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഹൈഫയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കി. കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ പ്രദേശത്ത് ആക്രമണം തുടരുമെന്നും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൈഫ ലക്ഷ്യമിട്ടെത്തിയ ഒരു മിസൈല്‍ തകര്‍ക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
പ്ലാന്റിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഏകദേശം 45 മിനിറ്റ് നേരം വൈദ്യുതി തടസപ്പെട്ടു. ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു.
രണ്ട് മണിക്കൂറിനിടെ മൂന്ന് മിസൈലുകളാണ് ജെറുസലേം ലക്ഷ്യമിട്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെറുസലേമില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശബ്ദം ഉയര്‍ന്നതായി ബി.ബി.സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ഖത്തറും ഇറാനും സംയുക്തമായി നിയന്ത്രിക്കുന്ന ഇറാന്റെ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡ് ഇസ്രഈല്‍ ആക്രമിച്ചത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്റെ 70 ശതമാനവും സൗത്ത് പാഴ്‌സിലെ ഗ്യാസ്ഫീല്‍ഡ്‌സില്‍ നിന്നാണെന്നിരിക്കെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തെ ഖത്തര്‍ അപലപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണ് സൗത്ത് പാര്‍സ് നോര്‍ത്ത് ഫീല്‍ഡ്. ഏകദേശം 1800 ട്രില്യണ്‍ ക്യൂബിക് അടി പ്രകൃതിവാതകം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഭൂമിയിലെ മറ്റ് എല്ലാ ഗ്യാസ് ഫീല്‍ഡുകളിലുമുള്ള ആകെ ശേഖരത്തിന് തുല്യമാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനം എന്നാണ് കരുതപ്പെടുന്നത്. ഖത്തറിന്റെ വരുമാനത്തിന്റെ 80 ശതമാനവും എണ്ണയെയും ഗ്യാസിനെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ഇതില്‍ ഏതാണ്ട് മുഴുവന്‍ വാതകവും ഖനനം ചെയ്യുന്നത് ഈ ഫീല്‍ഡില്‍ നിന്നാണ്.
ഈ വിഷയത്തില്‍ തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ ഗ്യാസ് ഫീല്‍ഡുകള്‍ക്ക് നേരെ ഇസ്രഈല്‍ ഇനി ആക്രമണം നടത്തില്ലെന്ന് ട്രംപ് പറഞ്ഞു. ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ പ്രത്യാക്രമണം അവസാനിപ്പിക്കണമെന്നും പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ വാതക പ്ലാന്റുകള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Content Highlight: Iran launches powerful missile attack on Haifa oil refinery and Jerusalem, Israel.