തെഹ്‌റാന്‍:ഏപ്രില്‍ മാസത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഇസ്രഈലും ഇറാനും ഏറ്റുമുട്ടലിലേക്ക്. തിങ്കളാഴ്ച ഇരു പക്ഷങ്ങളും പരസ്പരം ആക്രമിച്ചതോടെ മേഖല വീണ്ടും യുദ്ധത്തിലേക്ക് പോയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലെബനന്‍ തലസ്ഥാനം ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിറകെ ഇറാന്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. തുടര്‍ന്ന് ഇസ്രഈല്‍ ഇറാനിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങളെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു.
ഈ ദിവസത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് മൂന്ന് ഘട്ടമായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പത്തിലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇതില്‍ 10 പത്ത് ബാലസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഇസ്രഈല്‍ അവകാശപ്പെട്ടിരുന്നു.
ബെയ്‌റൂട്ടിലെ ഇസ്രഈല്‍ ആക്രമണത്തിന്റെ തിരിച്ചടിയാണ് ഈ മിസൈല്‍ ആക്രമണങ്ങളെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലകളിലായിരുന്നു ഞായറാഴ്ച ഇസ്രഈല്‍ ആക്രമണം നടത്തിയത്. ഇതിനെത്തുടര്‍ന്ന് ഇസ്രഈലിന് തിരിച്ചടി നേടിടേണ്ടി വരുമെന്ന് ഇറാന്‍ താക്കീത് നല്‍കിയിരുന്നു.
ഇന്ന് ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിറകെ ഇസ്രഈലും തിരിച്ച് ആക്രമണങ്ങള്‍ ആരംഭിച്ചു. ഇറാന്റെ പശ്ചിമ, മധ്യ മേഖലകളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ഇസ്രഈലില്‍ നിരവധി തവണ വ്യോമാക്രമണം നടത്തിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്നുള്ള മിസൈലുകളെ ഇസ്രഈലിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതിനാല്‍ മധ്യ ഇസ്രഈലില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രഈലിലെ ഹൈഫ, ഖൈസറിയ, ഹദേര തുടങ്ങിയ പ്രമുഖ മേഖലകളില്‍ അപായ സൈറണുകള്‍ മുഴങ്ങുകയും, താമസക്കാരോട് ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.
മിസൈല്‍ ആക്രമണത്തില്‍ നേരിട്ട് ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രഈലിന്റെ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. എങ്കിലും, സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്നതിനിടെ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
യു.എസ് ഇസ്രഈല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഇന്ന് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് യുദ്ധം ആരംഭിച്ചത്.
Content Highlight: Iran Israel War Updates
