പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പോപ് ഗായകന്‍ ആമിര്‍ ടാറ്റലുവിനെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍
World News
പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പോപ് ഗായകന്‍ ആമിര്‍ ടാറ്റലുവിനെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2025, 9:17 am

ടെഹ്‌റാന്‍: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പോപ്പ് ഗായകന്‍ ആമിര്‍ ഹൊസൈന്‍ മഗ്‌സൗദലൂ എന്നറിയപ്പെടുന്ന ടറ്റാലൂവിനെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍ കോടതി. മതനിന്ദ അടക്കമുള്ള കുറ്റത്തിന് അഞ്ച് വര്‍ഷത്തെ തടവിന് ടറ്റാലുവിനെ കീഴ്‌ക്കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരമുണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2006ല്‍ 37കാരനായ ടറ്റാലുവിനെ ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. 2018 ല്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം, അദ്ദേഹം തുര്‍ക്കിയിലേക്ക് പോയി. അന്ന് മുതല്‍ തുര്‍ക്കിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 2023ല്‍ ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കാലഹരണപ്പെട്ടതിനാല്‍ ഇസ്താംബൂള്‍ അധികൃതര്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

തുര്‍ക്കിയില്‍വെച്ച് അദ്ദേഹം നിരവധി ആല്‍ബങ്ങള്‍ നിര്‍മിച്ചിരുന്നു. ഇതുവരെ ഏകദേശം 21 ആല്‍ബങ്ങളാണ് ടറ്റാലു പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ അവസാനത്തേത് 2021ലായിരുന്നു

2021 ല്‍ 16 വയസ്സുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ടാറ്റലുവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇന്‍ഡിപെന്‍ഡന്റ് ന്യൂസ്പേപ്പര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ‘വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന്’ ടാറ്റലൂ മുമ്പ് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇറാന്‍ ഭരണകൂടത്തിനെതിരായ പ്രചരണം, അശ്ലീല ഉള്ളടക്കം നിര്‍മിച്ചു എന്നീ കുറ്റങ്ങളും ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

ലോകം മുഴുവന്‍ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024ല്‍ മാത്രം ഇറാനില്‍ 900ല്‍ അധികം ആളുകളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ലഹരി മരുന്ന് കടത്തല്‍, കൊലപാതകം, ലൈംഗിക പീഡനം എന്നീ കേസുകളിലെ പ്രതികളെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയവരില്‍ 2022ല്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്സ അമീനിയുടെ മരണത്തില്‍ പ്രതിഷേധിച്ചവരും വിമത നേതാക്കളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.

ഇറാനില്‍ ഓരോ വര്‍ഷവും വധശിക്ഷയ്ക്ക് വിധേയരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് യു.എന്‍ റൈറ്റ്സ് അധ്യക്ഷന്‍ വോള്‍കര്‍ തുര്‍ക്ക് പറഞ്ഞു.

2022ന് മുമ്പ് 2015ലാണ് ഇറാനില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്, 972 പേരെ. 2023ല്‍ 853 പേരും തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തൂക്കിലേറ്റപ്പെട്ടത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്.

ചൈന കഴിഞ്ഞാല്‍ ലോകത്ത് പ്രതിവര്‍ഷം ഏറ്റവുമധികം ആളുകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍ ചൈനയില്‍ നിന്നുള്ള യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല.

Content Highlight: Iran has sentenced pop singer Amir Tatalu to death for insulting Prophet Muhammad