അഭിപ്രായ സ്വാതന്ത്ര്യമാകാം, അരാജകത്വം അനുവദിക്കില്ല; ഹിജാബുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ഇറാന്‍ പ്രസിഡന്റ്
World News
അഭിപ്രായ സ്വാതന്ത്ര്യമാകാം, അരാജകത്വം അനുവദിക്കില്ല; ഹിജാബുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ഇറാന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 9:02 am

ടെഹ്‌റാന്‍: ഹിജാബ് ഡ്രസ് കോഡിന്റെ പേരില്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി (Ebrahim Raisi). ഇറാനിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ നിലവില്‍ രാജ്യത്ത് നടക്കുന്നത് അരാജകത്വത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്നും റെയ്‌സി പറഞ്ഞു. യുവതി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പൗരന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരേ മാനദണ്ഡത്തോടെ പെരുമാറണം. രാജ്യത്ത് ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അരാജകത്വം അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹ്‌സ അമിനി എന്ന 22കാരിയായിരുന്നു സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഹിജാബുമായി ബന്ധപ്പെട്ടായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

സ്ത്രീകളുള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് നടത്തുന്നത്. ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചുമാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.

പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണെന്നും ലോകത്തിലെ എല്ലാ മുസ്‌ലിം സ്ത്രീകളും ഇത് പിന്തുടരണമെന്നും ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്നും എഴുത്തുകാരി തസ്‌ലീമ നസ്രീന്‍ പറഞ്ഞിരുന്നു.

ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയ്സ് അല്ലെന്നും ഇറാനിലെ പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും പറഞ്ഞ തസ്‌ലീമ നസ്‌റീന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും പ്രശംസിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അമിനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ചടങ്ങില്‍ നിന്നും ഇസ്‌ലാമിക മതപണ്ഡിതന്മാരെ അമിനിയുടെ പിതാവ് തടഞ്ഞിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ ഇസ്‌ലാമിക പ്രാര്‍ത്ഥനകളും ഇസ്‌ലാമിക ആചാരങ്ങള്‍ വേണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പടക്കമുള്ള പ്രതിഷേധ നടപടികളും പൊലീസ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ നടത്തിയിരുന്നു. ഇതിനിടെ ഏഴോളം പേര്‍ കൊല്ലപ്പെട്ടതായാണ് സുരക്ഷാ സേന പറയുന്നത്. എന്നാല്‍ കണക്കുകള്‍ സേന കുറച്ചുകാണിക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

Content Highlight: Iran has right to expression but cannot tolerate act of chaos says Iran president