ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇറാന്‍. ചരിത്ര വിജയമെന്നാണ് ഇറാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആസൂത്രിതമായ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഇറാന്‍ മുമ്പോട്ട് വെച്ച പത്ത് ഇന നിര്‍ദേശങ്ങളുടെ ചട്ടക്കൂട് അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്ന് ഇറാന്റെ പരമോന്നത ദേശിയ സുരക്ഷാ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ശത്രുവിന് നിഷേധിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വലിയ പരാജയം നേരിട്ടെന്നും ഇറാന്റെ ഇച്ഛകള്‍ക്ക് കീഴടങ്ങാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന് അവര്‍ മനസിലാക്കിയെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ അവകാശപ്പെട്ടു.
‘ഇറാന്റെ ചെറുത്തുനില്‍പ് ഈ മേഖലയിലെ അമേരിക്കന്‍ സൈനിക നീക്കത്തെ ഏതാണ്ട് പൂര്‍ണായും നശിപ്പിച്ചു. ഇറാനെതിരായ യുദ്ധത്തിനായി ശത്രുക്കള്‍ വര്‍ഷങ്ങളായി ഈ മേഖലയ്ക്ക് ചുറ്റും നിര്‍മിച്ചതും വിന്യസിച്ചതുമായ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലും കഠിനമായ പ്രഹരമേല്‍പ്പിച്ചു.
എതിരാളികളുടെ പ്രധാന ലക്ഷ്യങ്ങളൊന്നും തന്നെ ഫലിച്ചില്ല എന്ന് മാത്രമല്ല യുദ്ധം ആരംഭിച്ച് പത്ത് ദിവസത്തിനകം തന്നെ ഈ യുദ്ധം ജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് അവര്‍ മനസിലാക്കി. ഇതോടെ വിവിധ മാര്‍ഗങ്ങളിലൂടെ ഇറാനുമായി ബന്ധം സ്ഥാപിക്കാനും വെടിനിര്‍ത്തലിനായും എതിരാളികള്‍ ശ്രമങ്ങള്‍ തുടങ്ങി,’ പ്രസ്താവനയില്‍ വ്യക്തമാക്കി.
തങ്ങള്‍ മുമ്പോട്ട് വെച്ച പത്ത് ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്നും ഇറാന്‍ പറഞ്ഞു.
ഇറാനെതിരായി പുതിയ ആക്രമണങ്ങളുണ്ടാകില്ല.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നിയന്ത്രണം തുടരും.
യുറേനിയം സമ്പൂഷ്ടീകരണം അംഗീകരിക്കുക.
എല്ലാ പ്രാഥമിക ഉപരോധങ്ങളും നീക്കം ചെയ്യുക.
എല്ലാ ദ്വിതീയ ഉപരോധങ്ങളും നീക്കം ചെയ്യുക.
എല്ലാ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളും റദ്ദാക്കുക.
ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് പ്രമേയങ്ങള്‍ റദ്ദാക്കുക.
ഇറാന് നഷ്ടപരിഹാരം നല്‍കുക.
പ്രദേശത്ത് നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുക.
ലെബനനിലെ ഇസ് ലാമിക് റെസിസ്റ്റന്‍സ് അടക്കമുള്ള എല്ലാ രംഗത്തെയും യുദ്ധം അവസാനിപ്പിക്കുക – എന്നിവയാണ് ഇറാന്‍ മുമ്പോട്ട് വെച്ച നിര്‍ദേശങ്ങള്‍.
അതേസമയം, വിജയപ്രഖ്യാപനത്തിലും ജാഗ്രത തുടരണമെന്ന് ഉന്നത സുരക്ഷാ ഏജന്‍സി ആഹ്വാനം ചെയ്തു. ഈ വിജയത്തില്‍ ഇറാനിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെയും ഇടപെടലുകളാണ് ഈ വെടിനിര്‍ത്തലിലേക്ക് നയിച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച (ഏപ്രില്‍ 10) പാക് തലസ്ഥാനമായ ഇസ്‌ലമാബാദില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.