മിണ്ടാതിരിക്കരുത്; അമേരിക്ക-ഇസ്രഈല്‍ ആക്രമണങ്ങളില്‍ യു.എന്നിനെതിരെ ഇറാന്റെ രൂക്ഷ വിമര്‍ശനം
World News
മിണ്ടാതിരിക്കരുത്; അമേരിക്ക-ഇസ്രഈല്‍ ആക്രമണങ്ങളില്‍ യു.എന്നിനെതിരെ ഇറാന്റെ രൂക്ഷ വിമര്‍ശനം
ആദര്‍ശ് എം.കെ.
Thursday, 21st May 2026, 8:08 pm

ന്യൂയോർക്: അമേരിക്കയുടെയും ഇസ്രഈലിന്റെയും അക്രമണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) പുലര്‍ത്തുന്ന നിശബ്ദത വെടിയണമെന്ന് ഇറാന്‍.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തില്‍ ഇടപെടാന്‍ സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടതിനെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി ശക്തമായി അപലപിച്ചു.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ, അമേരിക്കയും ഇസ്രഈലും ഇറാനിലെ സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ബോധപൂര്‍വം ലക്ഷ്യം വെക്കുകയാണെന്ന് ഇറവാനി ആരോപിച്ചു.

ഫെബ്രുവരി 28ന് ഇറാനിലെ തെക്കന്‍ നഗരമായ മിനാബിലെ ഒരു പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ബോംബാക്രമണത്തില്‍ 168ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊല്ലപ്പെട്ട കാര്യം അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു നാശനഷ്ടമല്ല, മറിച്ച് ആസൂത്രിതമായ യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനെ ‘ശിലായുഗത്തിലേക്ക് തിരികെ അയക്കും’ എന്നും രാജ്യത്തിന്റെ ഊര്‍ജ്ജ, വ്യവസായ മേഖലകളെ തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ സുരക്ഷാ കൗണ്‍സില്‍ നിശബ്ദത പാലിക്കരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ അന്താരാഷ്ട്ര സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായ ഒരു രാജ്യം തന്നെ അക്രമകാരിയായി മാറുമ്പോള്‍ കൗണ്‍സില്‍ അതിന്റെ ഉത്തരവാദിത്തങ്ങളില്‍ പരാജയപ്പെടുകയാണെന്ന് അമേരിക്കയെ ഉദ്ദേശിച്ച് ഇറവാനി പറഞ്ഞു.

അക്രമികള്‍ക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം ഇരകളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധസമയത്ത് ഇറാന്‍ നടത്തിയ സൈനിക നടപടികള്‍ രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രഈല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ എട്ടിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

ഈ ആക്രമണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും അമേരിക്കയും ഇസ്രഈലും അവരെ സഹായിക്കുന്നവരും അന്താരാഷ്ട്ര നിയമപരമായ പൂര്‍ണ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

 

Content Highlight: Iran has called on the United Nations to break its silence on US threats and war crimes.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.