ടെഹ്റാന്‍: ഇറാനില്‍ കോടതി സമുച്ചയത്തില്‍ ഭീകരാക്രമണം. സായുധരായ ഭീകരര്‍ കോടതിക്കുള്ളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്ന് പേരും ഉള്‍പ്പെടുന്നു.
ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇറാന്‍ സേന മൂന്ന് ഭീകരരെ വധിച്ചു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച്ച് ജിഹാദിസ്റ്റ് ഗ്രൂപ്പായ ജെയ്ഷെ അല്‍-അദല്‍ രംഗത്തുണ്ട്.
ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് പാകിസ്ഥന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിലെ സജീവ തീവ്ര ഗ്രൂപ്പാണ് ജെയ്ഷെ അല്‍-അദല്‍.
തെക്കുകിഴക്കന്‍ ഇറാനിലെ സഹെദാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജുഡീഷ്യൽ സെന്ററിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കോടതി പരിസരത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സന്ദര്‍ശകരുടെ വേഷം ധരിച്ചാണ് ഭീകരര്‍ കോടതിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതെന്ന് സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി പൊലീസ് കമാന്‍ഡര്‍ അലിറേസ ദാലിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഭീകരര്‍ക്ക് ഇസ്രഈലുമായി ബന്ധമുണ്ടെന്നും അലിറേസ പറഞ്ഞതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രിലില്‍ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ജെയ്ഷെ അല്‍-അദല്‍ നടത്തിയ ഭീകരാക്രമണത്തെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ശക്തമായി നേരിട്ടിരുന്നു. ഈ ഏറ്റുമുട്ടലില്‍ ഒരു ജെയ്ഷെ അല്‍-അദല്‍ പ്രവര്‍ത്തകനെ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇസ്രഈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇറാനിലെ കോടതി സമുച്ചയത്തില്‍ ഭീകരാക്രമണം ഉണ്ടാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും.
ഇസ്രഈല്‍ ആക്രമണങ്ങളില്‍ ആയിരത്തിലധികം ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഇറാന്റെ ശക്തമായ തിരിച്ചടിയില്‍ ഇസ്രഈലില്‍ 28 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.