ട്രംപിന്റെ ഭീഷണികളെ അപലപിക്കുന്നു; യു.എൻ നടപടിയെടുക്കണം: ഇറാൻ
Iran
ട്രംപിന്റെ ഭീഷണികളെ അപലപിക്കുന്നു; യു.എൻ നടപടിയെടുക്കണം: ഇറാൻ
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 6:36 pm

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണികളെ അപലപിച്ച് ഇറാൻ. അമേരിക്കയ്‌ക്കെതിരെ നടപടിയെടുക്കാൻ യു.എൻ സുരക്ഷാ കൗൺസിലിനോട് ഇറാൻ ആവശ്യപ്പെട്ടു.

രാജ്യത്തിനെതിരെ സൈനിക ആക്രമണം നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇറാൻ പരാതി നൽകി.

ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ അംബാസഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീർ സയീദ് ഇറവാനി യു.എൻ സെക്രട്ടറി ജനറലിന് കത്തയച്ചതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ ഭീഷണി ഐക്യരാഷ്ട്ര സഭയുടെ തത്വങ്ങളുടെയും ഉദ്ദേശങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിൽ ആണവായുധ പദ്ധതി തുടരുകയാണെങ്കിൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

‘ഇറാൻ വീണ്ടും ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതായി ഞാൻ കേൾക്കുന്നു, അങ്ങനെയാണെങ്കിൽ, നമ്മൾ അവരെ തകർക്കേണ്ടിവരും. നമ്മൾ അവരെ തകർക്കും. മിസൈൽ പദ്ധതി തുടരുകയാണെങ്കിൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും,’ ട്രംപ് പറഞ്ഞു.

ഈ പരാമർശങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഭീഷണിയെയും ബലപ്രയോഗത്തെയും വിലക്കുന്ന യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2(4) ന്റെ നേരിട്ടുള്ള ലംഘനമാണെന്ന് അമീർ സയീദ് ഇറവാനി പറഞ്ഞു.

2025 ജൂൺ 13 നും 24 നും ഇടയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രഈൽ ഭരണകൂടവും നടത്തിയ നിയമവിരുദ്ധവുമായ ആക്രമണം കണക്കിലെടുത്ത് ട്രംപിന്റെ ഭീഷണികളുടെ ഗൗരവം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയ്ക്ക് അന്താരാഷ്ട്ര ഉത്തരവാദിത്തമുണ്ടെന്ന ഉദ്ദേശത്തോടെയുള്ള നിയമവിരുദ്ധമായ പെരുമാറ്റരീതി തുടരുമെന്നതിനുള്ള ഭീഷണിയാണ് ട്രംപിന്റെ പരാമർശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘യു.എൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമത്തിനും കീഴിലുള്ള ബാധ്യതകൾ പാലിക്കാൻ, എല്ലാ ഭീഷണികളും ബലപ്രയോഗങ്ങളും അവസാനിപ്പിക്കാൻ, യുഎന്നിന്റെ ഉദ്ദേശങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായ രീതിയിൽ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗമെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും ഐക്യരാഷ്ട്ര സഭ യു.എസിനോട് ആവശ്യപ്പെടണം,’ അമീർ സയീദ് ഇറവാനി പറഞ്ഞു.

Content Highlight: Iran condemns Trump’s threats; UN should take action

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.