ഇറാനെതിരായ എണ്ണ ഉപരോധത്തില്‍ ഇളവ് വരുത്താമെന്ന് സമ്മതിച്ച് യു.എസ്: പാക് മധ്യസ്ഥതയില്‍ 14 ഇന നിര്‍ദേശങ്ങള്‍ വെച്ച് ഇറാന്‍
World
ഇറാനെതിരായ എണ്ണ ഉപരോധത്തില്‍ ഇളവ് വരുത്താമെന്ന് സമ്മതിച്ച് യു.എസ്: പാക് മധ്യസ്ഥതയില്‍ 14 ഇന നിര്‍ദേശങ്ങള്‍ വെച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2026, 12:20 pm

ഇസ്താംബുള്‍: ഇറാന്റെ എണ്ണ മേഖലയ്ക്ക് മേലുള്ള കടുത്ത ഉപരോധങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്റെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘തസ്‌നിം’.

ഇറാന്‍ ചര്‍ച്ചാ സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍. യു.എസ് മുന്‍പ് മുന്നോട്ടുവെച്ച നിലപാടുകളില്‍ നിന്നുള്ള വലിയൊരു മാറ്റമായാണ് ഈ പുതിയ നിര്‍ദേശത്തെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

എണ്ണയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ യു.എസ് തയ്യാറായെങ്കിലും രാജ്യത്തിനെതിരെയുള്ള എല്ലാ ഉപരോധങ്ങളും പൂര്‍ണ്ണമായും ശാശ്വതമായും പിന്‍വലിക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.

ഇത് അമേരിക്കയുടെ അന്തിമ പ്രതിബദ്ധതയുടെ ഭാഗമായിരിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മില്‍ ഒരു അന്തിമ ധാരണയിലെത്തുന്നതുവരെ യു.എസിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് വഴി താത്ക്കാലിക ഇളവുകള്‍ നല്‍കാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ വഴി ഇറാന്‍ തങ്ങളുടെ പരിഷ്‌കരിച്ച 14 പോയിന്റ് നിര്‍ദേശം യു.എസിന് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇറാന്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന 14 ഇന നിര്‍ദേശത്തിന് യു.എസ് അടുത്തിടെ ഒരു മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെഹ്‌റാന്‍ പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ വീണ്ടും സമര്‍പ്പിച്ചത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായ് സ്ഥിരീകരിച്ചു. ‘ഇന്നലെ ഞങ്ങള്‍ പ്രഖ്യാപിച്ചതുപോലെ, ഞങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും അമേരിക്കന്‍ പക്ഷത്തെ അറിയിച്ചിട്ടുണ്ട്,’ തിങ്കളാഴ്ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍, ചര്‍ച്ചകളുടെ ഭാഗമായി യു.എസ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകള്‍ അടങ്ങിയ അഞ്ചിന പട്ടിക ഇറാന്റെ ‘ഫാര്‍സ്’ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഇറാന്റെ ഒരൊറ്റ ആണവ കേന്ദ്രം മാത്രം പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തണമെന്നും, നിലവില്‍ ഇറാന്‍ കൈവശം വെച്ചിരിക്കുന്ന അതിസമ്പുഷ്ടമായ യുറേനിയം ശേഖരം മുഴുവനായി അമേരിക്കയ്ക്ക് കൈമാറണമെന്നതുമാണ് യു.എസിന്റെ പ്രധാന ആവശ്യം.

ഇറാന്റെ ആണവ പദ്ധതി പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും, ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിക്കാനും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, ഈ ആവശ്യങ്ങളോട് ഇറാന്‍ പൂര്‍ണ്ണമായി യോജിച്ചിട്ടില്ല. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.

അതോടൊപ്പം ലെബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധം ഉള്‍പ്പെടെ നിര്‍ത്തണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ 25 ശതമാനം പോലും വിട്ടുകൊടുക്കാനോ, യുദ്ധ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ വാഷിങ്ടണ്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഫാര്‍സ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനില്‍ യു.എസും ഇസ്രഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ അതിരൂക്ഷമായത്.

ഇതിന് മറുപടിയായി ഹോര്‍മുസ് കടലിടുക്ക് അടച്ചതിനൊപ്പം, ഇസ്രഈലിനേയും ഗള്‍ഫിലെ യു.എസ് സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് ടെഹ്‌റാന്‍ ശക്തമായി തിരിച്ചടിച്ചിരുന്നു. ആറ് ആഴ്ച നീണ്ടുനിന്ന കടുത്ത യുദ്ധത്തിനൊടുവില്‍, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ 8 നാണ് താത്ക്കാലികമായൊരു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

എന്നാല്‍ ഇസ്‌ലാമാബാദില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ ഒരു ശാശ്വത സമാധാന കരാറിലേക്ക് എത്തിയില്ല. തുടര്‍ന്ന് ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായി. പിന്നീട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടുകയായിരുന്നു.

Content Highlight: Iran Claims US Agreed To Temporarily Waive Oil Sanctions During Negotiations