ന്യൂയോർക്ക്: ഇറാനിൽ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മരണങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനായി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ.
മൂന്നാഴ്ചയോളം നീണ്ടുനിന്ന അസ്വസ്ഥതകൾക്കും രക്തച്ചൊരിച്ചലുകൾക്കും ശേഷം ഇറാനിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ കൂടുതൽ മോശമാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
ഇറാനിലെ സ്ഥിതിഗതികൾ വളരെ ആശങ്കാജനകമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർത്ത അമ അക്യ പോബി ചൂണ്ടിക്കാട്ടി.
യു.എന്നിന്റെ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ ആഴ്‌ചയെക്കാൾ ചെറിയ തോതിൽ മാത്രമാണ് ആശങ്കാജനകമായ സാഹചര്യങ്ങൾ ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും എന്നിരുന്നാലും പ്രതിഷേധങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു.
‘പ്രതിഷേധങ്ങളിൽ സംഘടിത ഭീകരരും കലാപകാരികളും നുഴഞ്ഞുകയറി സുരക്ഷാ സേനയ്ക്കും പ്രകടനക്കാർക്കും നേരെ വെടിയുതിർത്തു. വിദേശ സൈനിക ഇടപെടലിന് പ്രേരിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഇറാൻ സർക്കാർ നടപടിയെടുക്കാൻ നിർബന്ധിതരായത്,’ മാർത്ത പോബി പറഞ്ഞു.
എല്ലാ ഇറാനികൾക്കും സമാധാനപരമായും ഭയമില്ലാതെയും തങ്ങളുടെ പരാതികൾ പ്രകടിപ്പിക്കാൻ കഴിയണമെന്ന് അവർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം, കൂട്ടായ്മ, സമാധാനപരമായി ഒത്തുചേരൽ എന്നിവയ്ക്കുള്ള അവകാശങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നും അവർ വ്യക്തമാക്കി.
നിലവിലുള്ള പ്രതിഷേധങ്ങളും മറ്റുപ്രശ്നങ്ങളും ഉൾപ്പെടെ ഇറാനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്രയും സെൻസിറ്റീവ് ആയ വിഷയത്തിൽ പരമാവധി സംയമനം പാലിക്കണമെന്നും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നതിനോ പ്രാദേശിക സംഘർഷത്തിനോ കാരണമായേക്കാവുന്ന നടപടികളിൽ നിന്നും വിട്ടുനിൽക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlight: Iran civil war; Exercise restraint to avoid further deaths and conflicts: United Nations