ടെഹ്‌റാന്‍: ലെബനന്‍ ആക്രമിച്ചതിന് മറുപടിയായി ഇസ്രഈലിനെതിരെ ആരംഭിച്ച സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇറാന്‍ സൈനിക ആസ്ഥാനം. ഇസ്രഈല്‍ ഭരണകൂടത്തിന് വേദനിപ്പിക്കുന്ന ഒരു മറുപടി നല്‍കാന്‍ സാധിച്ചെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കേന്ദ്രമായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
തെക്കന്‍ ലെബനനിലും ദഹിയേ ജില്ലയിലും ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയ ശേഷമാണ് സൈനിക നടപടി അവസാനിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. യു.എസ് പിന്തുണയോട് കൂടിയാണ് ഇസ്രഈല്‍ ലെബനനില്‍ ആക്രമിച്ചതെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു.
ക്രിമിനല്‍ അമേരിക്ക എന്നാണ് പ്രസ്താവനയില്‍ യു.എസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ ഈ പ്രതികരണത്തില്‍ നിന്ന് വ്യാജ സയണിസ്റ്റ് ഭരണകൂടവും അതിനെ പിന്തുണക്കുന്നവരും ഒരു പാഠം പഠിച്ചിട്ടുണ്ടാവും എന്നും,’ ഇറാന്‍ സൈനിക ആസ്ഥാനത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ലെബനനില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം നടത്തിയാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈനിക കേന്ദത്തിന്റെ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അക്രമങ്ങള്‍ തുടര്‍ന്നാല്‍ അവരെ കൂടുതല്‍ രൂക്ഷമായാണ് നേരിടുക,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇറാന്റെ താക്കീതിന് ശേഷവും ലെബനനെ ആക്രമിക്കും എന്ന തരത്തിലാണ് ഇസ്രഈലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ലബനനില്‍ ഹിസ്ബുല്ലയെ ആക്രമിക്കുമെന്നും ഇസ്രഈലിനെ ലക്ഷ്യം വെച്ചാല്‍ ബെയ്‌റൂട്ടിനെ ആക്രമിക്കുമെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു.
ഇതിനിടെ ലെബനനില്‍ വീണ്ടും ഇസ്രഈലിന്റെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തെക്കന്‍ ലെബനനില്‍ ഒരു കാറിന് നേര്‍ക്കുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ലെബനന്‍ തലസ്ഥാനം ബെയ്റൂട്ടില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതിന് പിറകെ ഇറാന്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇസ്രഈല്‍ ഇറാനിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങളെ ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
‘ലെബനനില്‍ ഇസ്രഈല്‍ വ്യാപകമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെയാണ് തങ്ങളുടെ സൈനിക നടപടി’ എന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അഭിപ്രായപ്പെട്ടിരുന്നു. ഇസ്രഈലിന്റെ നെവാതിം, ടെല്‍ നോഫ് വ്യോമതാവളങ്ങള്‍ ആക്രമിച്ചതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടിരുന്നു.
ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളിലായിരുന്നു ഞായറാഴ്ച ഇസ്രഈല്‍ ആക്രമണം നടത്തിയത്. ഇതിനെത്തുടര്‍ന്ന് ഇസ്രഈലിന് തിരിച്ചടി നേടിടേണ്ടി വരുമെന്ന് ഇറാന്‍ താക്കീത് നല്‍കിയിരുന്നു.
നേരത്തെ ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രഈലിലെ ഹൈഫ, ഖൈസറിയ, ഹദേര തുടങ്ങിയ പ്രമുഖ മേഖലകളില്‍ അപായ സൈറണുകള്‍ മുഴങ്ങുകയും, താമസക്കാരോട് ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Content Highlight: Iran calls off attacks on Israel; warns not to hit Lebanon