കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം. ടെര്‍മിനല്‍ ഒന്നിന് നേരെയാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതായും കുവൈറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിരവധി സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായും സുരക്ഷാ മുന്‍കരുതല്‍ എടുത്താണ് വ്യോമപാത അടയ്ക്കുന്നതെന്നും കുവൈറ്റ് അധികൃതര്‍ അറിയിച്ചു. ഇറാന്റെ ക്രിമിനല്‍ ആക്രമണം എന്നാണ് സംഭവത്തെ കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍-ഒദൈബി വിശേഷിപ്പിച്ചത്.
കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടതായും ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫെബ്രുവരി 28ന് ശേഷം ടെര്‍മിനല്‍ ഒന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ജൂണ്‍ ഒന്നിന് വീണ്ടും തുറന്നതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെയാണ് കുവൈത്തിന് നേരെ ആക്രമണം നടന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപില്‍ അമേരിക്ക സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേയും ബഹ്‌റൈനിലേയും യു.എസിന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു.
വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഖ്വേഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യു.എസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു. ‘അമേരിക്കന്‍ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും’ ഉള്ള മറുപടിയാണിതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മിസൈലുകള്‍ വിജയകരമായി തകര്‍ത്തുവെന്നും യു.എസ് സൈനികര്‍ക്ക് പരിക്കില്ലെന്നുമാണ് അമേരിക്കയുടെ വാദം. ബഹ്‌റൈന് നേരെ വന്ന മൂന്ന് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം വഴി തകര്‍ത്തുവെന്നും അമേരിക്ക പറയുന്നു.
എന്നാല്‍ ബഹ്‌റൈനിലെ അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ ആസ്ഥാനവും മേഖലയിലെ യു.എസ് വ്യോമത്താവളവും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് ഐ.ആര്‍.ജി.സി പറയുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.