വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്‍ ആക്രമിക്കുമെന്ന് വീണ്ടും ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് സൈനിക നീക്കം നടത്തുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
നേരത്തെ ഇറാനെ നരകതുല്യ ആക്രമണത്തിന് വിധേയമാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ കീഴടുങ്ങുമെന്ന പ്രതീക്ഷയില്‍ 48 മണിക്കൂര്‍ കൂടി സമയപരിധി നീട്ടി നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ വൈദ്യുത കേന്ദ്രങ്ങള്‍ക്കും പാലങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയും കടന്നാക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റിലും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
‘ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. അതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല! ആ വൃത്തികെട്ട കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ കഴിയേണ്ടി വരും. കണ്ടോളൂ! അള്ളാഹുവിന് സ്തുതി’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ട്രംപിന്റെ വാക്കുകള്‍ ‘സഹായം ലഭിക്കാത്ത, പരിഭ്രാന്തനായ, തീര്‍ത്തും സന്തുലനം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ വിഡ്ഢിത്തം’ ആണെന്ന് ഇറാന്‍ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡിലെ ജനറല്‍ അലി അബ്ദുള്ളാഹി അലിയാബാദി വിശേഷിപ്പിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് ശേഷം തങ്ങള്‍ പറഞ്ഞ ഓരോ വാക്കും പാലിച്ചിട്ടുണ്ടെന്നും നരകവാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള ഏത് ആക്രണവും ഭീകരവാദിയായ അമേരിക്കന്‍ ഭരണകൂടവും സയണിസ്റ്റ് ഭരണകൂടവും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുളള വിനാശകരവും സുസ്ഥിരവുമായ ആക്രമണങ്ങള്‍ക്ക് കാരണമാവും,’ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ദേശീയ ആസ്തികള്‍ കാത്തിസൂക്ഷിക്കുന്നതിലും സായുധ സേന ഒരു നിമിഷം പോലും മടിക്കില്ലെന്നും ഓരോ അക്രമിയേയും അവരുടെ സ്ഥാനത്തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Iran attack at 8pm on Tuesday; Trump announces military action