ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കാന്‍ ഇറാന്‍; പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ചു
World
ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കാന്‍ ഇറാന്‍; പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2026, 1:36 pm

 

ടെഹ്റാന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലും അറേബ്യന്‍ ഗള്‍ഫിലും പിടിമുറുക്കാന്‍ പുതിയ സമുദ്ര നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇറാന്‍.

ഇറാന്റെ ഏകദേശം 2,000 കിലോമീറ്ററോളം (1,243 മൈല്‍) വരുന്ന ദീര്‍ഘമായ തീരപ്രദേശത്ത് ഐ.ആര്‍.ജിസി നേവി നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേവി കമാന്‍ഡ് അറിയിച്ചു.

മേഖലയിലെ പ്രധാന കപ്പല്‍ ഗതാഗത റൂട്ടുകളില്‍ മേധാവിത്വം ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.

ഇറാനിയന്‍ സുപ്രീം നേതാവ് മൊജ്തബ ഖാംനഇയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പേര്‍ഷ്യന്‍ ഗള്‍ഫിനെ ലക്ഷ്യം വെച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന വിദേശ ശക്തികള്‍ക്ക് ഈ ജലാശയങ്ങളില്‍ സ്ഥാനമില്ലെന്ന് ഖാംനഇ കര്‍ശന മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ക്ക് ഈ മേഖലയില്‍ എന്തെങ്കിലും സ്ഥാനമുണ്ടെങ്കില്‍ അത് കടലിന്റെ അടിത്തട്ടില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

വാഷിങ്ടണും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന വേളയിലാണ് ഇറാന്റെ ഈ നീക്കം. പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെ ‘കടലാസ് കടുവകള്‍’ എന്ന് വിശേഷിപ്പിച്ച ഖാംനഇ സ്വന്തം സുരക്ഷ പോലും ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ആരോപിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്‍ നിയന്ത്രിച്ചതോടെയാണ് നിലവിലെ പ്രതിസന്ധി ആരംഭിച്ചത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ആഗോള വിപണിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

തീരപ്രദേശത്തെ ഈ നിയന്ത്രണം ഇറാന്റെ കരുത്തിന്റെയും ജനങ്ങളുടെ ഉപജീവനത്തിന്റെയും ഉറവിടമാണെന്നും, അതോടൊപ്പം മേഖലയ്ക്ക് സുരക്ഷയും സമൃദ്ധിയും നല്‍കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുതിയ നിയമങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഐ.ആര്‍.ജി.സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 8 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഏപ്രില്‍ 11, 12 തീയതികളില്‍ ഇസ്‌ലാമാബാദില്‍ വെച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ധാരണയിലെത്താന്‍ ഇരുവിഭാഗത്തിനും സാധിച്ചില്ല.

തുടര്‍ന്ന് പാകിസ്ഥാന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി നീട്ടിനല്‍കിയെങ്കിലും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.

അതേസമയം, ഏപ്രില്‍ 13 മുതല്‍ ഇറാനിയന്‍ സമുദ്ര ഗതാഗതം ലക്ഷ്യമിട്ട് അമേരിക്കന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാനാണ് പുതിയ നിയമങ്ങളിലൂടെയും തീരദേശ സുരക്ഷാ വര്‍ദ്ധനയിലൂടെയും ഇറാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

Content Highlight: Iran announces new maritime rules amid Strait of Hormuz tensions