ഇറാനും സൗദിക്കുമിടയില്‍ മഞ്ഞുരുകുന്നു; ചൈനയില്‍ വെച്ച് നടത്തിയ നയതന്ത്ര ചര്‍ച്ച വിജയം
World News
ഇറാനും സൗദിക്കുമിടയില്‍ മഞ്ഞുരുകുന്നു; ചൈനയില്‍ വെച്ച് നടത്തിയ നയതന്ത്ര ചര്‍ച്ച വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 10:01 pm

ബീജിങ്: ഇറാനും സൗദിയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

2015 മുതല്‍ സൗദിക്കും ഇറാനുമിടയില്‍ നിലനിന്നിരുന്ന അസ്വാരാസ്യങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചയില്‍ തീരുമാനമെടുത്തെന്ന് സൗദി വാര്‍ത്ത ഏജന്‍സി എസ്.പി.എയും റിപ്പോര്‍ട്ട് ചെയ്തു.

ബീജിങ്ങില്‍ ചേര്‍ന്ന ചര്‍ച്ചയുടെ ഭാഗമായി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായതായി ഇരുരാജ്യങ്ങളിലെയും വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് മുമ്പ് ഇറാഖിലും ഒമാനിലും വെച്ച് നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ് ചൈന വിഷയത്തില്‍ ഇടപെടുന്നത്. ഇറാനെതിരെ അന്താരാഷ്ട്ര മേഖലയിലടക്കം ഉപരോധം നിലനില്‍ക്കുന്നതിനാല്‍ സൗദിയുമായുള്ള പ്രശ്‌ന പരിഹാരം തെഹ്‌റാന് ആശ്വാസമാണ്. ചര്‍ച്ചക്കിടെ സുപ്രധാന മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറായതാണ് വിവരം.

നയതന്ത്ര കാര്യങ്ങളില്‍ പരസ്പര സഹകരണത്തിന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളിലും അടച്ച് പൂട്ടിയ എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. എതിര്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടില്ലെന്നും കരാറിലെത്തിയിട്ടുണ്ട്.

കൂട്ടത്തില്‍ 2001ല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സുരക്ഷാ കരാര്‍ പുതുക്കാനും, 1998 ലെ ശാസ്ത്ര, സാമ്പത്തിക സാംസ്‌കാരിക കരാര്‍ നിലനിര്‍ത്താനും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യയിലെ തന്നെ രണ്ട് പ്രബല മതരാഷ്ട്രങ്ങളെന്ന നിലക്ക് ഇരു രാജ്യങ്ങളുടെയും ഇടയിലെ നയതന്ത്ര ബന്ധം അറബ് മേഖലയും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

2015ന് ശേഷമാണ് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം വഷളാവുന്നത്. ഇതേ വര്‍ഷം യമനിലെ ഇറാന്‍ അനുകൂല വിമതര്‍ക്കെതിരെ സൗദി സൈന്യം ആക്രമണം നടത്തിയതും ഹജ്ജ് കാലത്ത് തിക്കിലും തിരിക്കിലും പെട്ട് നൂറ് കണക്കിന് ഇറാനികള്‍ മരണപ്പെടാന്‍ കാരണമായതും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

2016ല്‍ ശിയാ നേതാവ് നിമര്‍-അല്‍-നിമറിനെ സൗദി ഭരണകൂടം വധിച്ചതിനെ തുടര്‍ന്ന് ഇറാനിലെ സൗദി എംബസിക്ക് നേരെ ശിയാക്കള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് തെഹ്‌റാനുമായുള്ള നയതന്ത്ര സഹകരണം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുന്നത്.

Content Highlight: Iran and saudi reopening their embassy in respective nations