ട്രംപ് യാചിച്ചു; ഇറാൻ വെടിനിർത്തൽ അംഗീകരിച്ചെന്ന് റിപ്പോർട്ട്
World News
ട്രംപ് യാചിച്ചു; ഇറാൻ വെടിനിർത്തൽ അംഗീകരിച്ചെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 10:56 am

ടെഹ്‌റാൻ: ഇസ്രഈൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ സ്റ്റേറ്റ് ടി.വി. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാചിച്ചതിനാലാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രഈലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിമാരോട് നിർദേശിച്ചതായി ഇസ്രഈൽ റേഡിയോയും റിപ്പോർട്ട് ചെയ്തു.

അതേസമയം ഇസ്രഈലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെന്ന് ട്രംപും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വെടിനിർത്തൽ പ്രാബല്യത്തിലാണെന്നും അത് ലംഘിക്കരുതെന്ന് ഇരുപക്ഷത്തോടും അഭ്യർത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു.

ഇസ്രഈലിന്റെ തെക്കൻ നഗരമായ ബീർഷെബയിൽ ഇറാൻ നിരവധി മിസൈലുകൾ വാർഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെയാണിപ്പോൾ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ജൂൺ 13 ന് ഇസ്രഈൽ ആരംഭിച്ച ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇസ്രഈല്‍ ആക്രമണത്തില്‍ 950 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 380 സാധാരണക്കാരും 253 സേനാംഗങ്ങളുമാണെന്നാണ് വിവരം. 3450 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു.

തങ്ങളുടെ ആണവ ഗവേഷണവും സമ്പുഷ്ടീകരണവും സിവിലിയൻ ആവശ്യങ്ങൾക്കും ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാത്രമാണെന്ന് ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടും ഇസ്രഈൽ-ഇറാൻ സംഘർഷം തുടരുകയായിരുന്നു.

ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തിലെ യു.എസ് ഇടപെടലില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകിയിട്ടും ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് ആക്രമണം നടത്തിയിരുന്നു.

യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന്‌ നേരെ ഇറാന്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമകേന്ദ്രമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറോളം ബാലിസ്റ്റിക് മിസൈലുകളാണ് ദോഹയിലേക്ക് ഇറാന്‍ തൊടുത്തത്.

ഖത്തറിലെ യു.എസ് സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

 

Content Highlight: Iran and Israel announce ceasefire