വണ്‍ സൈഡഡ് ഗെയിമാകും, രാജസ്ഥാന്‍ തോറ്റ് പുറത്താകും, സഞ്ജു വിജയിച്ചാല്‍ ഞാന്‍ ഞെട്ടിപ്പോകും: ഗവാസ്‌കര്‍
IPL
വണ്‍ സൈഡഡ് ഗെയിമാകും, രാജസ്ഥാന്‍ തോറ്റ് പുറത്താകും, സഞ്ജു വിജയിച്ചാല്‍ ഞാന്‍ ഞെട്ടിപ്പോകും: ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 5:30 pm

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ സണ്‍റെസേഴ്‌സ് ഹൈദരാബാദിനെതിരെ പടുകൂറ്റന്‍ വിജയം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിന് യോഗ്യത നേടിയിരുന്നു.

എലിമിനേറ്റര്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് നാലാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇതിലെ വിജയികള്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും.

ഞായറാഴ്ച നടന്ന പഞ്ചാബ് കിങ്സ് – സണ്‍റൈസേഴ്സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മി വിജയിക്കുകയും രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മഴയെടുക്കുകയും ചെയ്തതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ആദ്യ ക്വാളിഫയറിന് പകരം എലിമിനേറ്റര്‍ കളിക്കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

ഇപ്പോള്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേററുമായ സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ആര്‍.സി.ബി വിജയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘എന്റെ അഭിപ്രായത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അസാധാരണമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒന്നാമതായി, തിരിച്ചുവരാന്‍ സാധിക്കുമെന്ന് അവര്‍ക്ക് അതിയായ ആത്മവിശ്വാസമുണ്ട്. അതിന് ഒരു പ്രത്യേക കഴിവ് തന്നെ വേണം.

ടീമിലെ രണ്ട് പ്രധാന താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ ഒഴിവാക്കാന്‍ സാധിക്കില്ല, വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിയും. അവര്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടിരിക്കുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരം വണ്‍ സൈഡഡ് ആയേക്കാമെന്ന് തനിക്ക് ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വരാനിരിക്കുന്ന മത്സരവും മറ്റൊരു വണ്‍ സൈഡഡ് മാച്ച് ആകാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു. റോയല്‍ ചലഞ്ചേഴ്‌സ് മികച്ച മത്സരമാണ് പുറത്തെടുക്കുന്നത്. അവന്‍ രാജസ്ഥാനെ തകര്‍ത്തെറിയും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എനിക്ക് ഞെട്ടലുണ്ടാകും,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് എലിമിനേറ്റര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതിന് മുമ്പ് 2015ലാണ് റോയല്‍ എലിമിനേറ്റര്‍ മത്സരത്തിന് ഐ.പി.എല്‍ സാക്ഷ്യം വഹിച്ചത്. അന്ന് 71 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ബെംഗളൂരു നേടിയത്.

ബെംഗളൂരു ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 109ന് പുറത്തായി.

ശേഷം 2022ല്‍ രാജസ്ഥാനും ബെംഗളൂരുവും പ്ലേ ഓഫില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വന്നു. രണ്ടാം ക്വാളിഫയറിലായിരുന്നു ഇരു റോയല്‍സും കൊമ്പുകോര്‍ത്തത്.

എലിമിനേറ്ററില്‍ കെ.എല്‍. രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തോല്‍പിച്ചെത്തിയ ബെംഗളൂരു ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയെങ്കിലും ജോസ് ബട്‌ലറിന്റെ സെഞ്ച്വറി കരുത്തില്‍ രാജസ്ഥാന്‍ വിജയിച്ച് കയറുകയായിരുന്നു.

 

Content Highlight: IPL 204 Playoffs: RR vs RCB: Sunil Gavaskar predicts the winner of eliminator