ഐ.പി.എല്ലില്‍ 2026ല്‍ തകര്‍പ്പന്‍ തന്റെ പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ താരം എക്കോണമിക്കല്‍ സ്‌പെല്‍ എറിഞ്ഞാണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

മത്സരത്തില്‍ ഷമി നാല് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റുകളാണ് കൈപിടിയിലൊതുക്കിയത്. വെറും ഒമ്പത് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയായിരുന്നു പേസറുടെ പ്രകടനം. 2.25 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്. ഈ പ്രകടനം കളിയിലെ താരമെന്ന പട്ടവും സീമര്‍ക്ക് സമ്മാനിച്ചു.

മുഹമ്മദ് ഷമി. Photo: Tanuj/x.com

ഈ പ്രകടനത്തിനിടെ ഷമി നിരവധി ഡോട്ട് ബോളുകളും എറിഞ്ഞിരുന്നു. ഹൈദരാബാദിനെതിരെ മാത്രം ഫാസ്റ്റ് ബൗളര്‍ എറിഞ്ഞത് 18 ഡോട്ട് ബോളുകളാണ്. അതോടെ താരം ഒറ്റ മത്സരത്തില്‍ ഭൂമിക്ക് സമ്മാനിച്ചത് 342 മരങ്ങളാണ്.

ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് അപെക്‌സ് ബോര്‍ഡ് ഓരോ ഡോട്ട് ബോളിനും മരങ്ങള്‍ നടുന്നത്. ഐ.പി.എല്‍ മത്സരങ്ങളില്‍ പിറക്കുന്ന ഓരോ ഡോട്ട് ബോളിനും 19 വീതം മരങ്ങളാണ് ബി.സി.സി.ഐ ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ടാറ്റ ഗ്രൂപ്പിനൊപ്പം ചേര്‍ന്നാണ് ബി.സി.സി.ഐയുടെ ഈ ഇനീഷ്യേറ്റീവ്.

മത്സരത്തില്‍ ലഖ്നൗ എസ്. ആര്‍. എച്ചിനെ തകര്‍ത്ത് ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരബാദില്‍ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ അര്‍ധ സെഞ്ച്വറിയടിച്ച ക്യാപ്റ്റന്‍ റിഷബ് പന്ത് ഫോറടിച്ചാണ് ടീമിന് വിജയം നേടിക്കൊടുത്തത്. താരം 50 പന്തില്‍ 68 റണ്‍സ് നേടി പുറത്താവാതെ നിന്നു.

27 പന്തില്‍ 45 റണ്‍സെടുത്ത ഏയ്ഡന്‍ മര്‍ക്രമവും സംഭാവന ചെയ്തു. ബൗളിങ്ങില്‍ ഷമിക്ക് പുറമെ പ്രിന്‍സ് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റുകളും മണിമാരന്‍ സിദ്ധാര്‍ത്ഥും ദിഗ്വേഷ് സിങ് രാഥിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഹൈദരബാദ് നിരയില്‍ ബാറ്റിങ്ങില്‍ 41 പന്തില്‍ 62 റണ്‍സെടുത്ത ഹെന്റിക് ക്ലാസനും 33 പന്തില്‍ 56 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയും മാത്രമാണ് തിളങ്ങിയത്. ബൗളിങ്ങില്‍ ഹര്‍ഷ് ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇഷാന്‍ മലിംഗ, ശിവന്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: IPL 2026: SRH vs LSG: Mohammed Shami bowled 18 dot balls against SRH