അവര്‍ കാര്യങ്ങള്‍ മറച്ച് വെക്കുന്നു; മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ സൈമണ്‍ ഡൗള്‍
Cricket
അവര്‍ കാര്യങ്ങള്‍ മറച്ച് വെക്കുന്നു; മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ സൈമണ്‍ ഡൗള്‍
ഫസീഹ പി.സി.
Saturday, 18th April 2026, 3:37 pm

അഞ്ചാം തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ കുറിച്ച് വ്യക്തത വരുത്താത്തതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിച്ച് മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൗള്‍. താരങ്ങളുടെ ലഭ്യതയെ കുറിച്ച് നമ്മുക്ക് പല കാര്യങ്ങള്‍ ഊഹിക്കേണ്ടി വരുന്നെന്നും കെ.കെ.ആറിന്റെ പ്രകടനത്തിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള പതിരാനയെ ലോജിസ്റ്റിക്കല്‍ കാരണങ്ങള്‍ കൊണ്ട് പുറത്തിരുത്തുന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത മാത്രമല്ല, മിക്ക ടീമുകളും കാര്യങ്ങള്‍ മറച്ച് വെക്കുന്നുവെന്നും അത് ഗുണകരമാണെന്ന് ടീമുകള്‍ കരുതുന്നുണ്ടെങ്കിലും അഭ്യൂഹങ്ങള്‍ പടരാന്‍ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍ ഡൗള്‍.

സൈമൺ ഡൗൾ.

‘നമുക്ക് പല കാര്യങ്ങളും ഊഹിക്കേണ്ടി വരുന്നു. അവര്‍ കാര്യങ്ങള്‍ മറച്ചുവെക്കുന്നു. ഇത് കെ.കെ.ആറിന്റെ മാത്രം പ്രശ്‌നമല്ല, മിക്ക ടീമുകളും ഇത് തന്നെയാണ് ചെയ്യുന്നത്. മറച്ച് വെക്കുന്നതാണ് ടീമിന് നല്ലതെന്നാണ് അവര്‍ കരുതുന്നത്. എന്നാലിത് അഭ്യൂഹങ്ങള്‍ പടരുന്നതിലേക്ക് മാത്രമാണ് നയിക്കുന്നത്.

ടീമുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകണം. താരങ്ങള്‍ ചായ കുടിക്കുന്നതും കേക്ക് കഴിക്കുന്നതും കാണുന്നതിലേറെ താരങ്ങളുടെ ലഭ്യതയെ കുറിച്ച് അറിയാനാണ് എനിക്ക് താത്പര്യം.

നിങ്ങള്‍ കാര്യങ്ങള്‍ സുതാര്യമായി അവതരിപ്പിച്ചാല്‍ ആരാധകര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ എളുപ്പമായിരിക്കും. ലേലത്തിലൂടെ ടീമിലെത്തിച്ച താരം ക്യാമ്പിലെത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ലോജിസ്റ്റിക്കല്‍ കാരണങ്ങള്‍ കൊണ്ട് മാറ്റി നിര്‍ത്തുമ്പോള്‍ അത് അവ്യക്തമാണ്. അവന്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയണം. കാരണം അവന്റെ സാന്നിധ്യം ടീമിന്റെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കെല്‍പ്പുള്ളതാണ്,’ സൈമണ്‍ ഡൗള്‍ പറഞ്ഞു.

മതീഷ പതിരാന.

ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായി നടന്ന ലേലത്തിലൂടെ 18 കോടിക്കാണ് പാതിരാനയെ കെ.കെ.ആര്‍ ടീമിലെത്തിച്ചത്. എന്നാല്‍, പരിക്ക് കാരണം താരത്തിന് ഇതുവരെ സീസണില്‍ ഒരു മത്സരം പോലും കളിയ്ക്കാന്‍ സാധിച്ചിട്ടില്ല.

2026 ടി – 20 ലോകകപ്പിനിടെയേറ്റ പരിക്കാണ് പതിരാനയ്ക്ക് വിനായത്. ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ താരത്തിന് കാലിന് പരിക്കേല്‍ക്കുകയായിരുന്നു.

പരിക്ക് മാറിയ പതിരാന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, താരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ലോജിസ്റ്റിക്കല്‍ കാരണമാണമാണ് താരം കളിക്കാതിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡൗളിന്റെ വിമര്‍ശനം.

Content Highlight: IPL 2026: Simon Doull criticizes KKR for lacking transparency about the availability of Matheesha Pathirana

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി