ചെന്നൈക്കെതിരെയുള്ള ഗില്ലാട്ടം; പിന്നിട്ടത് സൂപ്പര്‍ മൈല്‍സ്റ്റോണ്‍
Cricket
ചെന്നൈക്കെതിരെയുള്ള ഗില്ലാട്ടം; പിന്നിട്ടത് സൂപ്പര്‍ മൈല്‍സ്റ്റോണ്‍
ഫസീഹ പി.സി.
Friday, 22nd May 2026, 8:51 am

ടി – 20 ക്രിക്കറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ മത്സരത്തിനിടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

മത്സരത്തില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 37 പന്തില്‍ 64 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 172.97 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഓപ്പണര്‍ ചെന്നൈ ബൗളര്‍മാരെ പ്രഹരിച്ചത്.

ശുഭ്മൻ ഗിൽ. Photo: IndianPremierLeague/x.com

ഇന്നിങ്‌സിനിടെ 36 റണ്‍സ് നേടിയപ്പോളാണ് ഗില്‍ ടി – 20യില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 185 ഇന്നിങ്സുകളില്‍ കളിച്ചാണ് താരത്തിന്റെ ഈ നേട്ടം. നിലവില്‍ കുട്ടി ക്രിക്കറ്റില്‍ താരത്തിന് 6028 റണ്‍സുണ്ട്. ഇന്ത്യ, പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്.

അതേസമയം, മത്സരത്തില്‍ ഗുജറാത്ത് ചെന്നൈക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗില്ലിന് പുറമെ സായ് സുദര്‍ശനും ജോസ് ബട്‌ലറും അര്‍ധ സെഞ്ച്വറി നേടി. സായ് 53 പന്തില്‍ 84 റണ്‍സെടുത്തപ്പോള്‍ ബട്‌ലര്‍ 27 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്നു.

സായ് സുദർശൻ. Photo: IndianPremierLeague/x.com

ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി, സ്പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ ചെന്നൈ നിരയില്‍ പൊരുതിയത് 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെ മാത്രമാണ്. ഒപ്പം മാറ്റ് ഷോര്‍ട്ട് (14 പന്തില്‍ 24), കാര്‍ത്തിക് ശര്‍മ (15 പന്തില്‍ 19), അന്‍ഷുല്‍ കംബോജ് (എട്ട് പന്തില്‍ 19), ഋതുരാജ് ഗെയ്ക്വാദ് (ഏഴ് പന്തില്‍ 16) മാത്രമാണ് രണ്ടക്കം കടന്നവര്‍.

ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗീസോ റബാദ, റഷീദ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2026: Shubhman Gill completed 6000 runs in T20 cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി